കു­വൈ­ത്ത് പൊ­തു­മാ­പ്പ് : പാ­സ്പോ­ർ­ട്ട് ഓഫീ­സു­കളിൽ വൻ തി­രക്ക്


കുവൈത്ത് സിറ്റി : പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരുടെ തിരക്കു പാസ്പോർട്ട് ഓഫീസുകളിലും. എമിഗ്രേഷൻ ക്ലിയറൻസിനായി വിവിധ പാസ്പോർട്ട് ഓഫീസുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ പരമാവധി ആളുകൾ എത്തുമെന്നതിന്റെ സൂചനയായി അതു കണക്കാക്കപ്പെടുന്നു.

ദജീ‍ജ് പാസ്പോർട്ട് ഓഫീസിൽ എത്തിയവരെ സഹായിക്കാൻ കുടിവെള്ളം നൽകിയും മറ്റും കാസർഗോഡ് എക്സ്പാറ്റ്സ് അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ടായിരുന്നു. അവധിദിവസങ്ങളായ ഇന്നും നാളെയും പൊതുമാപ്പു പ്രയോജനപ്പെടുത്തുന്നവർക്കായി പാസ്പോർട്ട് ഓഫീസ് ഉച്ചയ്ക്കു രണ്ടുമുതൽ നാലുമണിവരെ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 

അതേസമയം ഇന്ത്യൻ എംബസിയിൽ ലഭിച്ച അപേക്ഷകളിന്മേൽ എമർജൻസി സർട്ടിഫിക്കറ്റുകൾ നൽകിത്തുടങ്ങി. ഓരോ അപേക്ഷയിലും സൂക്ഷ്മമായ നടപടിക ക്രമങ്ങൾ പൂർത്തീകരിച്ചാണ് എമർജൻസി സർടിഫിക്കറ്റ് തയ്യാറാക്കുന്നത്. സ്വാഭാവികമായും ഓരോ സർടിഫിക്കറ്റ് തയാറാക്കുന്നതിനു സമയം അനിവാര്യമാണ്. പൊതുമാപ്പ് നിലവിൽവന്നതിനുശേഷം രാത്രിയിലും പ്രവർത്തിച്ചാണ് ഇന്ത്യൻ എംബസിയിൽ എമർജൻസി സർടിഫിക്കറ്റ് തയാറാക്കുന്ന ജോലികൾ തുടരുന്നത്. പ്രതിവാര അവധിദിവസങ്ങളിലും എംബസിയിൽ സേവനം ഉണ്ടായിരിക്കും. എമർജൻസി സർട്ടിഫിക്കറ്റിനായി ഇന്നലെ 1700 അപേക്ഷകൾകൂടി ഇന്ത്യൻ എംബസിയിൽ ലഭിച്ചിട്ടുണ്ട്.

ഫെബ്രുവരി 22 വരെയാണു പൊതുമാപ്പ് കാലാവധി. ഇതിനു മുന്പ് 2011ൽ ആണ് പൊതുമാപ്പ് അനുവദിച്ചത്. എട്ടു വർഷത്തിനുശേഷമാണു വീണ്ടും പൊതുമാപ്പ് അനുവദിക്കുന്നതെന്നും ഇനിയുമൊരു പൊതുമാപ്പിനു ദീർഘകാലം കാത്തിരിക്കേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. 

അനധികൃത താമസക്കാരായി രാജ്യത്തുള്ളവരുടെ പിടിച്ചുവച്ച പാസ്പോർട്ട് തിരിച്ചുനൽകാൻ സ്പോൺസർമാർക്ക് താമസാനുമതികാര്യ വകുപ്പ് അസി. ഡയറക്ടർ നിർദ്ദേശം നൽകി. ക്രിമിനൽ കേസുകളിൽ ഉൾപ്പെടാത്തവരാണെങ്കിൽ അത്തരക്കാർക്കു പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാൻ സാധിക്കും. അനധികൃത താമസക്കാരെ രാജ്യത്തിനു പുറത്താക്കാനുള്ള നടപടിയുമായി സ്പോൺസർമാർ സഹകരിക്കണം.

You might also like

  • Straight Forward

Most Viewed