വൈഭവ് സൂര്യവംശിക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം
ശാരിക / ന്യൂഡൽഹി
ഇന്ത്യൻ കൗമാര ക്രിക്കറ്റിലെ വിസ്മയതാരം വൈഭവ് സൂര്യവംശിയെ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം നൽകുന്ന ഈ വർഷത്തെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. രാജ്യതലസ്ഥാനത്ത് വെള്ളിയാഴ്ച നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പതിനാലുകാരനായ വൈഭവ് പുരസ്‌കാരം ഏറ്റുവാങ്ങും. പുരസ്‌കാര ജേതാക്കളായ മറ്റ് കുട്ടികൾക്കൊപ്പം വൈഭവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് വൈഭവ് ഇല്ലാതെയാണ് ബിഹാർ ടീം കളത്തിലിറങ്ങുന്നത്.
വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറിന് വേണ്ടി നടത്തിയ സമാനതകളില്ലാത്ത പ്രകടനമാണ് വൈഭവിനെ ഈ അംഗീകാരത്തിന് അർഹനാക്കിയത്. കഴിഞ്ഞ ബുധനാഴ്ച അരുണാചൽ പ്രദേശിനെതിരെ റാഞ്ചിയിൽ നടന്ന മത്സരത്തിൽ വെറും 84 പന്തിൽ നിന്ന് 190 റൺസാണ് താരം അടിച്ചുകൂട്ടിയത്. വൈഭവിന്റെ അതിവേഗ സെഞ്ച്വറിക്ക് പിന്നാലെ ക്യാപ്റ്റൻ സകീബുൽ ഗനിയും വിക്കറ്റ് കീപ്പർ ബാറ്റർ ആയുഷ് ലോഹരുകും സെഞ്ച്വറികളുമായി തിളങ്ങിയതോടെ ലിസ്റ്റ് ‘എ’ ക്രിക്കറ്റിലെ അപൂർവ റെക്കോഡ് ബിഹാർ സ്വന്തമാക്കി. 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 574 റൺസെന്ന കൂറ്റൻ സ്കോറാണ് അന്ന് ബിഹാർ അടിച്ചെടുത്തത്. ഇതോടെ ലിസ്റ്റ് ‘എ’ മാച്ചിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന ലോകറെക്കോഡ് ബിഹാറിന്റെ പേരിൽ കുറിക്കപ്പെട്ടു.
അഞ്ച് മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ അസാധാരണമായ നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി കേന്ദ്ര മന്ത്രാലയം നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ പുരസ്‌കാരമാണ് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാർ. കല, ധീരത, പരിസ്ഥിതി, ശാസ്ത്രം, സാമൂഹ്യസേവനം, കായികം, നവീകരണം തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്നവർക്കാണ് ഇത് നൽകുന്നത്. പുരസ്‌കാര ജേതാക്കൾക്ക് മെഡലും ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. ഇന്ത്യയിലെ യുവതലമുറയുടെ അസാധാരണമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും അവരെ ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാനുമാണ് ഈ പുരസ്‌കാരം ലക്ഷ്യമിടുന്നത്.
്ിു്ു
