ബദൽ രാഷ്ട്രീയത്തിന് കുറുക്ക് വഴികളില്ല : മുഹമ്മദ് റിയാസ്

കുവൈത്ത് സിറ്റി : ബി.ജെ.പിക്കെതിരായ ബദൽ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിനു കുറുക്കു വഴികളില്ലെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി.എ.മുഹമ്മദ് റിയാസ്. കല കുവൈത്ത് സംഘടിപ്പിച്ച ഒക്ടോബർ അനുസ്മരണത്തിൽ പങ്കെടുത്ത്, "സമകാലിക ഇന്ത്യ..വെല്ലുവിളികളും.. പ്രതിരോധവും. എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ കല കുവൈത്ത് പ്രസിഡണ്ട് സുഗതകുമാർ അധ്യക്ഷത വഹിച്ചു. ഒക്ടോബർ മാസത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ജോസഫ് മുണ്ടശ്ശേരി, വയലാർ രാമവർമ്മ, ചെറുകാട്, കെ.എൻ.എഴുത്തച്ഛൻ എന്നിവരുടെ അനുസ്മരണക്കുറിപ്പ് കേന്ദ്ര കമ്മിറ്റി അംഗം രംഗൻ അവതരിപ്പിച്ചു.
കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്കുമാർ, വിവിധ സംഘടനാ നേതാക്കളായ ചാക്കോ ജോർജ്ജ്കുട്ടി, സത്താർ കുന്നിൽ, സാംസ്കാരിക പ്രവർത്തകൻ മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു.
കല കുവൈത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന "എന്റെ കൃഷി" കാർഷിക മത്സരത്തിന്റെ ലോഗോ മുഖ്യാതിഥി, കല കുവൈത്ത് ട്രഷറർ രമേശ് കണ്ണപുരത്തിനു നൽകി പ്രകാശനം ചെയ്തു. സാൽമിയ മേഖല ആക്ടിംങ് സെക്രട്ടറി വി.അനിൽകുമാർ പരിപാടിയ്ക്ക് നന്ദി രേഖപ്പെടുത്തി. കല കുവൈത്ത് വൈസ് പ്രസിഡണ്ട് കെ.വി.നിസാർ, ജോ:സെക്രട്ടറി പ്രസീത് കരുണാകരൻ എന്നിവർ സംബന്ധിച്ചു.
തുടർന്ന് കല കുവൈത്ത് പ്രവർത്തകർ അണിയിച്ചൊരുക്കി, ദിലിപ് നടേരി രചനയും, സുരേഷ് തോലന്പ്ര സംവിധാനവും നിർവ്വഹിച്ച നാടകം "ഭൂപടങ്ങളിലെ വരകൾ" വേദിയിൽ അരങ്ങേറി. കല കുവൈത്ത് പ്രവർത്തകർ, കുവൈത്തിലെ സാമൂഹിക− സാംസ്‌കാരിക പ്രവർത്തകർ തുടങ്ങി നൂറുകണക്കിന് പേർ പരിപാടിയിൽ പങ്കെടുത്തു.