വിദേശികളുടെ ചികിത്സാ ഫീസ് വർദ്ധന പാർലമെന്റ് ആരോഗ്യസമിതി ഇളവ് ആവശ്യപ്പെടും

കുവൈത്ത് സിറ്റി : വിദേശികളടെ ചികിത്സാ ഫീസ് വർദ്ധനയിൽ ഇളവ് നൽകാൻ ആവശ്യപ്പെടാൻ പാർലമെന്റിലെ ആരോഗ്യസമിതി തയ്യാറെടുക്കുന്നു. സമിതി അംഗം ഖാലിദ് അൽ ഉതൈബി എം.പി അറിയിച്ചതാണ് അക്കാര്യം. ഒക്ടോബർ ഒന്നിനാണ് വിദേശികളുടെ ചികിത്സാ ഫീസ് വർദ്ധന പ്രാബല്യത്തിൽ വന്നത്.
ശസ്‌ത്രക്രിയയ്ക്കും മറ്റും വിദേശികൾ ഭീമമായ ഫീസ് നൽകേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ചികിത്സാ ഉപകരണങ്ങളുടെയും മറ്റും ക്രമാതീതമായ വിലവർദ്ധനയുടെ സാഹചര്യത്തിൽ വിദേശികളിൽനിന്നുള്ള ചികിത്സാ ഫീസ് വർദ്ധനയിൽ സമിതിക്ക് വിയോജിപ്പില്ല. എന്നാൽ കുറഞ്ഞ വരുമാനക്കാരായ വിദേശികൾ അനുഭവിക്കേണ്ടിവരുന്ന പ്രയാസം കൂടി കണക്കിലെടുക്കണമെന്നതാണ് സമിതിയുടെ നിലപാട്. കുറഞ്ഞ വരുമാനക്കാർക്ക് ശസ്‌ത്രക്രിയ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ മാനുഷിക പരിഗണനയോടെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു.
ചില മേഖലകളിൽ ചികിത്സാ ഫീസ് ഇളവിനുള്ള നിർദ്ദേശം ആരോഗ്യസമിതി തയ്യാറാക്കി വരുന്നുണ്ട്. പുതിയ ഫീസ് ഘടനയിൽ ചില ഇനങ്ങളുടെ നിരക്ക് അയൽ രാജ്യങ്ങളിലേതിനേക്കാൾ കൂടുതലാണ്. അത് പുനഃപരിശോധിക്കണമെന്നും ഉതൈബി നിർദ്ദേശിച്ചു.
ചികിത്സ, മരുന്ന് എന്നീ ഇനങ്ങളിലായി ചെലവഴിക്കുന്നതിന് കൂടുതലായി 228 ദശലക്ഷം ദിനാർ അനുവദിക്കണമെന്ന് ധനമന്ത്രാലയത്തോട് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ചില പ്രധാന മരുന്നുകളുടെ സ്റ്റോക്ക് അവസാനിക്കാറായെന്നും കൂടുതൽ മരുന്ന് ശേഖരണത്തിന് തുക ആവശ്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.