വാടകവീടുകൾക്ക് അമിത ബ്രോക്കറേജ് കമ്മീഷൻ: ഇന്ത്യൻ എംബസി ഇടപെടണമെന്ന ആവശ്യവുമായി കുവൈത്ത് പ്രവാസികൾ
ഷീബ വിജയൻ
കുവൈത്ത് സിറ്റി: കുവൈത്തിൽ താമസത്തിനായി വീട് വാടകയ്ക്ക് എടുക്കാൻ ശ്രമിക്കുന്ന പ്രവാസികളിൽ നിന്ന് ഇടനിലക്കാർ അമിതമായി കമ്മീഷൻ ഈടാക്കുന്നതായി വ്യാപക പരാതി. സാൽമിയയിൽ ഒരു മാസത്തെ വാടകയ്ക്ക് തുല്യമായ തുകയും, അബ്ബാസിയയിൽ 300 ദിനാർ വരെയുമാണ് ഇടനിലക്കാർ കമ്മീഷനായി ആവശ്യപ്പെടുന്നത്. ഈ ചൂഷണത്തിനെതിരെ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി പ്രവാസികൾ രംഗത്തെത്തിയിട്ടുണ്ട്.
കെട്ടിട ഉടമകളിൽ നിന്ന് നേരിട്ട് വീടുകളോ ഫ്ലാറ്റുകളോ വാടകയ്ക്ക് എടുക്കാൻ നിലവിൽ സാധിക്കുന്നില്ലെന്നും, പകരം ഇടനിലക്കാർ വഴി മാത്രമേ താമസസൗകര്യം ലഭിക്കുന്നുള്ളൂ എന്നുമാണ് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നത്. കുവൈത്തിലെ നിയമപ്രകാരം റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് രംഗത്ത് പ്രവർത്തിക്കാൻ കൃത്യമായ ലൈസൻസും ഔദ്യോഗിക രജിസ്ട്രേഷനും നിർബന്ധമാണ്.
2020-ലെ ചട്ടപ്രകാരം, വാടക കരാറുകളിൽ ബ്രോക്കറേജ് കമ്മീഷനായി നിശ്ചയിച്ചിട്ടുള്ളത് അരമാസത്തെ വാടക മാത്രമാണ്. എന്നാൽ, ഇരുകക്ഷികൾക്കും പരസ്പര ധാരണയോടെ മറ്റൊരു തുക നിശ്ചയിക്കാമെന്നും ഈ ചട്ടത്തിൽ വ്യവസ്ഥയുണ്ട്. ഇത് മുതലെടുത്താണ് ഇടനിലക്കാർ വൻതുക ഈടാക്കുന്നത്. വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെട്ട് കുവൈത്തിലെ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ ഈ പരാതി എത്തിക്കണമെന്നാണ് പ്രവാസികളുടെ പ്രധാന ആവശ്യം. അതേസമയം, അമിത കമ്മീഷൻ ഈടാക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനികൾക്കെതിരെ പരാതി നൽകാനുള്ള സൗകര്യം കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.
dwad


