ഇന്ത്യയു­മാ­യു­ള്ള നി­കു­തി­ കരാർ ഭേ­ദഗതി­ക്ക് കുവൈത്ത് മന്ത്രി­സഭയുടെ അംഗീ­കാ­രം


കുവൈത്ത് സിറ്റി : ഇന്ത്യയുമായുള്ള നികുതി കരാറിൽ ഭേദഗതി വരുത്തുന്നതിനുള്ള കരടു ബില്ലിന് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. നികുതി വെട്ടിപ്പ്, ഇരട്ട നികുതി എന്നിവ തടയാനാണ്  ഇന്ത്യയുമായുള്ള കരാറിൽ ഭേദഗതി വരുത്താൻ കുവൈത്ത് തീരുമാനിച്ചത്.  മന്ത്രിസഭാ യോഗം ബ്രൂണയുമായും സമാനരീതിയിലുള്ള കരട് ബില്ലിന് അംഗീകാരം നൽകി. 

ജി.സി.സി തലത്തിൽ ഏകീകൃത മൂല്യവർദ്ധിത നികുതി (വാറ്റ്), സിലക്ടീവ് ടാക്സ്, സാന്പത്തിക ജുഡീഷ്യറി കമ്മീഷൻ സ്റ്റാറ്റ്യൂട്ട് എന്നിവ സംബന്ധിച്ച കരടു ബില്ലിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2018 ജനുവരി ഒന്നുമുതൽ വാറ്റ് ഏർപ്പെടുത്താൻ ജി.സി.സി തീരുമാനിച്ചിരുന്നു. അതിനനുസൃതമായി തയ്യാറാക്കിയ കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇറാഖുമായി സുരക്ഷാ സഹകരണത്തിനുള്ള ധാരണാപത്രം സംബന്ധിച്ച കരടു ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. 

മന്ത്രിസഭ അംഗീകരിച്ച മുഴുവൻ കരടു ബില്ലുകളും അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ അനുമതിക്കായി അയച്ചു. അവ പിന്നീടു പാർലിമെന്റിന്റെ പരിഗണനയ്ക്കായി സമർപ്പിക്കും. സിവിൽ, വാണിജ്യം, വ്യക്തിഗത പദവി, ശിക്ഷാവകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഈജി‌‌പ്തുമായി നിയമ−നീതിന്യായം സംബന്ധിച്ച കരടുബില്ലും മന്ത്രിസഭ അംഗീകരിച്ചു. 

വിവിധ രാജ്യങ്ങളുമായുള്ള നിരവധി ധാരണാപത്രങ്ങൾക്കും അനുമതി നൽകിയ മന്ത്രിസഭാ യോഗം മേഖലയിലും രാജ്യാന്തരതലത്തിലുമുള്ള രാഷ്ട്രീയ സംഭവവികാസങ്ങളും അവലോകനം ചെയ്‌തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed