"ഇത് നഗ്നമായ അധിനിവേശം!" അഫ്ഗാനിസ്ഥാനിലെ പാക് വ്യോമാക്രമണത്തെ അതിശക്തമായി അപലപിച്ച് ഇന്ത്യ!
ഷീബ വിജയൻ
അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. പാകിസ്ഥാന്റെ ഈ നടപടിയെ 'നഗ്നമായ അധിനിവേശം' എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. കിഴക്കൻ പ്രവിശ്യകളിലുണ്ടായ പാക് ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 36 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 163 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കാബൂളിലെ താലിബാൻ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കറാച്ചിയിലുണ്ടായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സായുധ സംഘങ്ങളുടെ കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നായിരുന്നു പാകിസ്ഥാന്റെ അവകാശവാദം. ഈ വാദത്തെ തള്ളിയ ഇന്ത്യ, ആക്രമണത്തില്‍ നിരപരാധികളായ സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി. പാകിസ്ഥാന്റെ ഈ നടപടി അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിനും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും, ആഭ്യന്തര പരാജയങ്ങളെ മറച്ചുവെക്കാനായി അതിര്‍ത്തി കടന്ന് അക്രമം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ വ്യര്‍ത്ഥശ്രമമാണിതെന്നും ഇന്ത്യ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ദുരന്തബാധിതരായ അഫ്ഗാന്‍ കുടുംബങ്ങളെ അനുശോചനം അറിയിച്ച ഇന്ത്യ, അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന് തങ്ങളുടെ അചഞ്ചലമായ പിന്തുണ ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.
eqwEQWFRAERWFEWR

