എഐ അമിതമായി ആശ്രയിച്ചതിൽ തിരിച്ചടി; 350 മുതിർന്ന എൻജിനീയർമാരെ പുനർനിയമിച്ച് ഫോർഡ്
ഷീബ വിജയൻ
വാഹനങ്ങളുടെ ഗുണനിലവാര പരിശോധനയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (എഐ) അമിതമായി ആശ്രയിച്ചതിൽ തിരിച്ചടി നേരിട്ടതോടെ പരിചയസമ്പന്നരായ എൻജിനീയർമാരെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ച് പ്രമുഖ അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്. ടെക് മേഖലയിൽ എഐ വിപുലീകരണത്തിന്റെ പേരിൽ കൂട്ടപ്പിരിച്ചുവിടലുകൾ തുടരുന്ന പശ്ചാത്തലത്തിലാണ് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫോർഡിന്റെ ഈ നിർണായക പുനർനിയമനം. വിവിധ വിഭാഗങ്ങളിലായി പതിറ്റാണ്ടുകളുടെ പ്രവർത്തനപരിചയമുള്ള 350-ഓളം എൻജിനീയർമാരെയാണ് കമ്പനി തിരികെ എത്തിച്ചിരിക്കുന്നത്.
എഐ അധിഷ്ഠിത ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങൾക്ക് വാഹനങ്ങളിലെ എല്ലാവിധ തകരാറുകളും കൃത്യമായി കണ്ടെത്താൻ സാധിച്ചില്ലെന്നാണ് ഫോർഡ് വ്യക്തമാക്കുന്നത്. മനുഷ്യരുടെ അനുഭവസമ്പത്തും സൂക്ഷ്മമായ വിലയിരുത്തലുകളും പൂർണ്ണമായി എഐക്ക് പകരമാവില്ലെന്ന് കമ്പനി തിരിച്ചറിഞ്ഞു. തിരിച്ചെത്തിയ മുതിർന്ന എൻജിനീയർമാർ പുതിയ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനും, രൂപകൽപ്പനയിലെ പിഴവുകൾ തുടക്കത്തിലേ കണ്ടെത്തുന്നതിനും, എഐ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് പ്രധാനമായും പ്രവർത്തിക്കുക. മനുഷ്യന്റെ വൈദഗ്ധ്യവും എഐ സാങ്കേതികവിദ്യയും ഒരുമിച്ച് ഉപയോഗിക്കുന്ന പുതിയ മാതൃക നടപ്പിലാക്കിയതോടെ വാഹനങ്ങളുടെ പ്രാരംഭ ഗുണനിലവാരത്തിൽ വലിയ പുരോഗതി കൈവരിക്കാൻ ഫോർഡിന് സാധിച്ചിട്ടുണ്ട്. എഐ സാങ്കേതികവിദ്യയെ പൂർണ്ണമായി ഉപേക്ഷിക്കില്ലെന്നും, പരിചയസമ്പന്നരിൽ നിന്നുള്ള കൃത്യമായ ഡാറ്റ നൽകി എഐയെ കൂടുതൽ മികച്ചതാക്കുകയാണ് ലക്ഷ്യമെന്നും ഫോർഡ് കൂട്ടിച്ചേർത്തു.
ASDSADSDS

