യു.എൻ.എയ്ക്ക് പ്രവർത്തന ഫണ്ടും, അഭിനന്ദനങ്ങളുമായി കുവൈത്ത് പ്രവാസി നഴ്സുമാർ
കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രവാസി നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ ഫിന (FINA) വ്യത്യസ്തമായ ഒരു ഒത്തുചേരൽ സംഘടിപ്പിച്ചു.കേരളത്തിലെ നഴ്സിംഗ് സമൂഹം യൂ. എൻ. എയുടെ നേതൃത്വത്തിൽ നടത്തിവന്ന ചരിത്രപരമായ സമരത്തിന് നേടിയ ഐതിഹാസിക വിജയത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കുവാനും, സംഘടനയുടെ മുന്നോട്ടുള്ളസുഗമമായ പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങായി തങ്ങൾ സ്വരൂപിച്ച തുക കൈമാറുന്നതിനുമായി ആണ് കഴിഞ്ഞ ദിവസം യോഗം ചേർന്നത്.
അംഗങ്ങളിൽ നിന്ന് സമാഹരിച്ച 1,93,000/− (ഒരുലക്ഷത്തി തൊണ്ണൂറ്റിമൂവായിരം) രൂപയാണ് സംഘടന യൂ.എൻ.എ യുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് കഴിഞ്ഞദിവസം അയച്ചത്. പൊതുസമൂഹവും, പ്രവാസി സമൂഹവും ഒരുപോലെ ഏറ്റെടുത്ത കേരളത്തിലെ സ്വകാര്യ മേഖലയിലെ നേഴ്സുമാരുടെ സമരത്തിന് കുവൈത്തിലെ നഴ്സിംഗ് സമൂഹവും സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും, നിറഞ്ഞ പിന്തുണയാണ് നൽകിയത്.
സ്വാകാര്യ ആശുപത്രി മാനേജുമെന്റുകളുടെ കടുത്ത സമ്മർദ്ദങ്ങൾക്ക് മുന്നിലും മുട്ടുമടക്കാതെ സമരമുഖത്ത് സധൈര്യം മുന്നേറി അർഹമായ ആനുകൂല്ല്യങ്ങൾ നേടിയെടുത്ത കേരളത്തിലെ സ്വകാര്യ മേഖലയിലെ നഴ്സിംഗ് സമൂഹത്തിനെയും, സമരത്തിന് നെടുനായകത്വം വഹിച്ച സ്വതന്ത്ര സംഘടനയായ യു.എൻ.എയെയും അഭിനന്ദിക്കുകയും, ഈ മേഖലയിലെ ചൂഷണങ്ങൾക്കെതിരായും, നഴ്സിംഗ് ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനായും മേലിലും നിലകൊള്ളുവാൻ ഈ കൂട്ടായ്മക്ക് കഴിയട്ടെയെന്നും യോഗം ആശംസിച്ചു.
അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നൂറുകണക്കിന് പ്രവാസി സുഹൃത്തുക്കൾ യു.എൻ.എക്ക് അഭിനന്ദനങ്ങളുമായി എത്തിച്ചേർന്നു. അസോസിയേഷൻ പ്രസിഡണ്ട് സെബാസ്റ്റ്യന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജനറൽസെക്രട്ടറി മെജിത്ത്, ജനറൽ കൺവീനർ നിബു പാപ്പച്ചൻ, ട്രെഷറർ നിതിഷ് എന്നിവരും, മറ്റ് പ്രവർത്തകരും സംസാരിച്ചു.

