മെമ്മറി കാർഡും പെൻഡ്രൈവും ഉടൻ ഹാജരാക്കണം; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക നടപടി
ഷീബ വിജയൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്നെന്ന അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി നിർണായക നടപടിയെടുത്തു. കേസിലെ മെമ്മറി കാർഡും പെൻഡ്രൈവും അടിയന്തരമായി സീൽ ചെയ്ത കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിക്ക് ജസ്റ്റിസ് സി.എസ്. ഡയസ് നിർദേശം നൽകി. ഇവ സുരക്ഷിതമായി സൂക്ഷിക്കാൻ രജിസ്ട്രാർക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്. നടിയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേസിൽ ഒരു മാസത്തിനകം വിശദമായ മറുപടി സമർപ്പിക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
മെമ്മറി കാർഡ് അനധികൃതമായി തുറന്നതിനെക്കുറിച്ച് മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസ് നടത്തിയ അന്വേഷണ റിപ്പോർട്ട് പക്ഷപാതപരമാണെന്നും അത് റദ്ദാക്കണമെന്നും അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഫോറൻസിക്, സൈബർ വിദഗ്ധരില്ലാതെ തയ്യാറാക്കിയ ഈ റിപ്പോർട്ട് കോടതി നടപടികളിൽ അവിശ്വാസം ഉണ്ടാക്കുന്നുവെന്നും, അതിനാൽ പുതിയ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കണമെന്നുമാണ് നടിയുടെ ആവശ്യം. മെമ്മറി കാർഡ് ഇട്ട് പരിശോധിച്ച ഫോൺ കാണാതെ പോയെന്ന കോടതി ജീവനക്കാരന്റെ മൊഴിയിൽ ദുരൂഹതയുണ്ടെന്നും ഇതിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
aasasasads

