വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് നാല് കോടി നഷ്ടപരിഹാരം
ദുബൈ : യു.എ.ഇ പൗരൻ ഉണ്ടാക്കിയ വാഹന അപകടത്തിൽ പരിക്കേറ്റ കണ്ണൂർ, മട്ടന്നൂർ, തില്ലങ്കേരി സ്വദേശിക്ക് കോടതി ചെലവടക്കം 23 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതി വിധിച്ചു. 2015 ഡിസംബറിലാണ് കഫ്റ്റീരിയ ജീവനക്കാരനായ മട്ടന്നൂർ, തില്ലങ്കേരി സ്വദേശിയായ അബ്ദുറഹിമാന്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ അൽ ഐൻ ജിമി എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്.
അപകടത്തി സാരമായി പരിക്കേറ്റ ഇയാളെ അൽ ഐൻ ഹോസ്പിറ്റലിലും പിന്നീട് തുടർ ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയായിരുന്നു. വാഹന അപകടത്തെ തുടർന്ന്‍ നടന്ന ട്രാഫിക് കേസിൽ അബ്ദുറഹിമാൻ അശ്രദ്ധമായി റോഡ് മുറിച്ചു കടന്നത് കൊണ്ടാണ് അപകടം ഉണ്ടാവാൻ കാരണം എന്നും ഈ കാരണത്താൽ യു. എ.ഇ പൗരനെ ശിക്ഷയിൽ നിന്നും ഒഴിവാക്കി വെറുതെ വിടാൻ അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കോടതി ഈ വാദം തള്ളുകയും യു.എ.ഇ പൗരന്റെ ഭാഗത്ത് തെറ്റ് കണ്ടെത്തുകയും 2000 ദിർഹം ഫൈൻ നൽകി വിടുകയും ചെയ്തു.കേസുമായി ബന്ധപ്പെട്ട് അൽ ഐൻ മലയാളി സമാജം പ്രസിഡണ്ടും സാമൂഹിക പ്രവർത്തകനുമായ അബ്ദുൾ റഹിമാൻ വേരൂർ, മകൻ ആരിഫ് പുതിയ പുരയിൽ, മരുമക്കളായ അബൂബക്കർ, ബഷീർ എന്നിവർ ചേർന്ന്‍ ഷാർജയിലും ദുബൈയിലും ഓഫീസ് ഉള്ള അലി ഇബ്രാഹിം അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ കേസ് ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് കേസിൽ വീണ്ടും അപ്പീ ൽ നൽകുകയും 23 ലക്ഷം ദിർഹം നഷ്ടപരിഹാരം ലഭിക്കുന്ന വിധി സന്പാദിക്കുകയുമായിരുന്നു.

