ഇറാന്റെ സൈനിക ലക്ഷ്യങ്ങളുടെ പട്ടികയിൽ എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കും സ്‌പേസ് എക്‌സും
ഷീബ വിജയൻ
ടെഹ്‌റാന്‍: അമേരിക്ക-ഇസ്രായേൽ സൈനിക പ്രവർത്തനങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകുന്നുവെന്ന ആരോപണത്തെത്തുടർന്ന് ലോകസമ്പന്നൻ എലോൺ മസ്‌കിന്റെ കമ്പനികളെ സൈനിക ലക്ഷ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഇറാൻ തീരുമാനിച്ചതായി റിപ്പോർട്ട്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ്, ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് എന്നിവയുടെ പശ്ചിമേഷ്യയിലെ അടിസ്ഥാന സൗകര്യങ്ങളാണ് ഇറാന്റെ പുതിയ ടാർഗറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇറാനുമായി ബന്ധമുള്ള ഫാർസ് വാർത്താ ഏജൻസിയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
ഇസ്രായേൽ, ഖത്തർ, ജോർദാൻ, യുഎഇ, ഒമാൻ എന്നിവിടങ്ങളിലുള്ള സ്റ്റാർലിങ്ക് ഗ്രൗണ്ട് സ്റ്റേഷനുകളും സ്‌പേസ് എക്‌സുമായി ബന്ധപ്പെട്ട നിക്ഷേപ സൗകര്യങ്ങളുമാണ് ഇറാൻ ലക്ഷ്യമിടുന്നത്. തെക്കൻ ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ സ്റ്റാർലിങ്ക് സാങ്കേതികവിദ്യ ഉപയോഗിക്കപ്പെട്ടതായി ഇറാൻ ആരോപിക്കുന്നു. യുക്രെയ്ൻ യുദ്ധത്തിന് ശേഷം യുദ്ധഭൂമികളിലെ ആശയവിനിമയത്തിനും ഡ്രോൺ പ്രവർത്തനങ്ങൾക്കും സ്റ്റാർലിങ്ക് നിർണ്ണായക പങ്ക് വഹിച്ചിരുന്നു. മുൻപ് ഇറാനിൽ നടന്ന ആഭ്യന്തര പ്രതിഷേധങ്ങൾക്കിടയിൽ സർക്കാർ സെൻസർഷിപ്പ് മറികടക്കാൻ ജനങ്ങൾ സ്റ്റാർലിങ്ക് ഉപയോഗിച്ചതും ഇറാന്റെ നീക്കത്തിന് കാരണമാണ്. എന്നാൽ ഈ മുന്നറിയിപ്പിനെക്കുറിച്ച് എലോൺ മസ്‌കോ വൈറ്റ് ഹൗസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
qsdqwwqawq

