കോൾപ്പാടങ്ങളിൽ ഇനി ഉഴുന്ന് വസന്തം; തൃശ്ശൂരിലെ പരീക്ഷണ കൃഷിയിൽ വൻ വിജയം
ഷീബ വിജയൻ
തൃശ്ശൂർ: സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ തൃശ്ശൂരിലെ കോൾപ്പാടങ്ങളിൽ നടത്തിയ ഉഴുന്ന് കൃഷിയുടെ വിളവെടുപ്പ് വൻ വിജയമായി പൂർത്തിയായി. മുണ്ടൂർ താഴം കോൾപടവിലും പേരാമംഗലം കറുക കോൾപടവിലുമായി നെൽക്കൃഷിക്കും മത്സ്യക്കൃഷിക്കും ശേഷം ഇടവിളയായാണ് ഇത്തവണ ഉഴുന്ന് പരിപ്പ് കൃഷി പരീക്ഷിച്ചത്. പരിസ്ഥിതി ദിനത്തിൽ നടന്ന ഈ ചരിത്രപരമായ ആദ്യ വിളവെടുപ്പിന് സാക്ഷ്യം വഹിക്കാൻ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് നേരിട്ടെത്തിയിരുന്നു.
ആദ്യഘട്ടത്തിൽ 100 ഏക്കറിലായി ആരംഭിച്ച ഈ കൂട്ടുകൃഷിയിൽ ആകെ 65 കർഷകരാണ് പങ്കാളികളായത്. പൂർണ്ണമായും ചാണകപ്പൊടിയും ജൈവ കളനാശിനികളും ഉപയോഗിച്ച് നടത്തിയ ഈ കൃഷി വെറും 75 ദിവസം കൊണ്ടാണ് വിളവെടുപ്പിന് പാകമായത്. കാട്ടുപന്നികളുടെ ശല്യം ഈ കൃഷിയെ ബാധിക്കില്ലെന്നത് കർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വിപണിയിൽ കിലോയ്ക്ക് 100 രൂപയോളം വിലയുള്ളപ്പോൾ കർഷകരിൽ നിന്ന് നേരിട്ട് 65 രൂപ നിരക്കിൽ ഇസാഫ് കോർപ്പറേറ്റ് ബാങ്ക് ഉഴുന്ന് സംഭരിക്കും. ഈ വിജയത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ഘട്ടത്തിൽ പാലക്കാട് ജില്ലയെക്കൂടി ഉൾപ്പെടുത്തി കൃഷി പതിനായിരം ഏക്കറിലേക്ക് വ്യാപിപ്പിക്കാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.
assasasa

