ധർമസ്ഥല കേസ്; രണ്ട് ദിവസത്തിനകം മാധ്യമങ്ങൾ വഴി സത്യാവസ്ഥ വെളിപ്പെടുത്തുമെന്ന് നടൻ പ്രകാശ് രാജ്
ഷീബ വിജയൻ
ബംഗളൂരു: കർണാടകയെ ഇളക്കിമറിച്ച ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി നടൻ പ്രകാശ് രാജ് രംഗത്തെത്തി. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതായും, വിഷയം ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ ബാധിക്കുന്ന അതീവ സെൻസിറ്റീവായ ഒന്നായതിനാൽ കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ താൻ ദൂരെയാണെന്നും രണ്ട് ദിവസത്തിനകം നേരിട്ടെത്തി മാധ്യമങ്ങൾ വഴി കൃത്യമായ വിശദീകരണം നൽകുമെന്നും അദ്ദേഹം എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ധർമ്മസ്ഥല കേസിലെ പ്രതിയായ ചിന്നയ്യ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് പ്രകാശ് രാജിന്റെ പേര് പരാമർശിക്കപ്പെട്ടത്. ചിലരുടെ സമ്മർദ്ദത്തിന് വഴങ്ങി മൊഴി നൽകാൻ താൻ നിർബന്ധിതനായെന്നും, ഇതിനിടയിൽ പ്രകാശ് രാജ് തമിഴിൽ സംസാരിച്ചിരുന്നുവെന്നുമാണ് ഹരജിയിലെ ആരോപണം. മുൻ ശുചീകരണ തൊഴിലാളിയായ ഒരാൾ, ധർമ്മസ്ഥല പ്രദേശത്ത് വർഷങ്ങളായി നൂറുകണക്കിന് മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്ന് വെളിപ്പെടുത്തിയതോടെയാണ് ഈ കേസ് ദേശീയ ശ്രദ്ധ നേടിയത്. തുടർന്ന് പ്രത്യേക അന്വേഷണസംഘം (SIT) രൂപീകരിച്ച് വിവിധ സ്ഥലങ്ങളിൽ ഖനനം ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിവരികയാണ്. അതുവരെ ചില നീചന്മാർ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് പ്രകാശ് രാജ് ആരാധകരോട് അഭ്യർത്ഥിച്ചു.

