കോളജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് ഈ വർഷം തന്നെ നടപ്പാക്കും: മന്ത്രി റോജി എം. ജോൺ
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥിനികൾക്കും പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുമെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷാ ഫലം പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന്റെ ഭാഗമായി ഈ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള പ്രാഥമിക നടപടികൾ ഇതിനകം ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. ബിരുദ തലം വരെ വിദ്യാർത്ഥിനികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഗവർണർ നടത്തുന്ന ഇടപെടലുകൾക്ക് വഴിമരുന്നിട്ടത് മുൻപത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സർക്കാരിനോട് ആലോചിക്കാതെ വൈസ് ചാൻസലർമാരെയും സിൻഡിക്കേറ്റ് അംഗങ്ങളെയും നിയമിക്കുന്ന രീതിക്ക് തുടക്കമിട്ടത് അവരാണെന്നും, ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഒരു നീക്കത്തെയും യുഡിഎഫ് സർക്കാർ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വമാണ് കീം (KEAM) പ്രവേശന പരീക്ഷാ ഫലം വൈകുന്നതിന് കാരണമെന്നും, വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ മാർക്ക് ലിസ്റ്റുകൾ സമർപ്പിക്കാനുള്ള തീയതി ജൂൺ 14 വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.
sawddsdsds

