കോൺഗ്രസിനും മീനാക്ഷി നടരാജനും കനത്ത തിരിച്ചടി; രാജ്യസഭാ പത്രിക തള്ളിയതിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
ഷീബ വിജയൻ
ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. പത്രിക തള്ളിയതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നിർണായക നടപടി. തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് അപ്പീൽ നൽകാൻ കോടതി നിർദേശിച്ചു. വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി വിധി പാർട്ടിക്കും മീനാക്ഷിക്കും കനത്ത തിരിച്ചടിയായി മാറി.
മധ്യപ്രദേശിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂൺ 18-ന് നടക്കാനിരിക്കെയാണ് ഈ രാഷ്ട്രീയ നാടകം. ബി.ജെ.പി നേതാക്കളുടെ എതിർപ്പുകളെത്തുടർന്ന് ജൂൺ ഒമ്പതിനാണ് റിട്ടേണിങ് ഓഫീസർ മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. തെലങ്കാനയിലെ ഒരു കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്നതായിരുന്നു പത്രിക തള്ളാനുള്ള കാരണം. എന്നാൽ, തന്റെ പേരിലുള്ളത് ക്രിമിനൽ കേസല്ലെന്നും ഒരു നിയമപരമായ നോട്ടീസ് മാത്രമാണെന്നും, കോടതി ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യാത്തതിനാൽ ഇത് വെളിപ്പെടുത്തേണ്ടതില്ലെന്നുമാണ് മീനാക്ഷി വാദിച്ചത്. പത്രിക തള്ളിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഡൽഹിയിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തിവരികയാണ്.
qweqwewq

