'നവകേരള ബസ്' സർവീസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക്


കോഴിക്കോട്

മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമാകെ സഞ്ചരിച്ച നവകേരള ബസ് മെയ് അഞ്ചുമുതല്‍ സര്‍വീസ് ആരംഭിക്കും. സർവീസ് പ്രഖ്യാപിച്ച നവകേരള ബസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് മാറ്റും. പ്രത്യേക സർവീസ് ആയാണ് ബസ് കോഴിക്കോടേക്ക് കൊണ്ടുപോകുക. കോഴിക്കോട്- ബംഗളുരു റൂട്ടിൽ മെയ് 5മുതലാണ് ബസിന്റെ സർവീസ് നിശ്ചയിച്ചിരിക്കുന്നത്. ടോയ്‌ലറ്റും ഹൈഡ്രോളിക് ലിഫ്റ്റുമുള്ള ബസ് സർവീസ് ഹിറ്റാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.

ഗരുഡ പ്രീമിയം എന്ന പേരിലാകും ഇനി ബസ് അറിയപ്പെടുക. 26 പുഷ് ബാക്ക് സീറ്റുകളാണ് ബസ്സിലുള്ളത്. രാവിലെ 04.00 മണിക്ക് കോഴിക്കോടു നിന്നും പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി വഴി 11.35 ന് ബെംഗളൂരു എത്തും. ഉച്ചയ്ക്ക് 2.30ന് ബെംഗളൂരുവില്‍ നിന്നും ഇതേ റൂട്ടില്‍ രാത്രി 10.05 ന് കോഴിക്കോട് തിരിച്ച് എത്തും. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബെംഗളൂരു എന്നിവയാണ് സ്റ്റോപ്പുകള്‍. സര്‍വീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ AC ബസ്സുകൾക്കുള്ള 5% ലക്ഷ്വറി ടാക്സും നൽകേണ്ടിവരും.

ഇന്ന് വൈകിട്ട് 6.30ന് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് സർവീസായി ബസ് കൊണ്ടുപോകുമെന്ന് കെഎസ്ആർടിസി അറിയിച്ചു. നവകേരള ബസ് സർവ്വീസ് വിജയിച്ചാൽ ഇതേ മാതൃകയിൽ കൂടുതൽ ബസുകൾ വാങ്ങാനും ആലോചന ഉണ്ട്. സംസ്ഥാന സർക്കാരൻറെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയത്.

article-image

aa

You might also like

Most Viewed