കോവിഡ് വകഭേദം കണ്ടെത്തിയതിൽ ആശങ്കപ്പെടേണ്ടതില്ല; ആരോഗ്യ മന്ത്രി

കൊല്ലം: കേരളത്തില്‍ കോവിഡ് ഉപവകഭേദം ജെഎന്‍1 കണ്ടെത്തിയതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഈ വകഭേദം ഉണ്ട്. കേരളത്തിന്‍റെ ആരോഗ്യസംവിധാനം മികച്ചതായതുകൊണ്ട് ഇവിടെ കണ്ടെത്താനായെന്ന് മാത്രമേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് സിംഗപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇന്ത്യക്കാരായ യാത്രക്കാരിൽ ഈ വകഭേദം അവർ കണ്ടെത്തിയിരുന്നു. കേരളത്തിന്‍റെ ആരോഗ്യസംവിധാനം മികച്ചതായതുകൊണ്ട് ജനിതക ശ്രേണീകരണത്തിലൂടെ ഈ വകഭേദത്തെ കണ്ടെത്താനായി. ജാഗ്രത പാലിക്കുകയാണ് വേണ്ടത്. മറ്റ് അനുബന്ധ അസുഖങ്ങളുള്ളവർ പ്രത്യേക ജാഗ്രത കാട്ടണം -മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്. ഇക്കാര്യം ഐ.സി.എം.ആർ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ടെന്നും നടപടികൾ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ ആക്ടീവ് കോവിഡ് രോഗികളിൽ വലിയ പങ്കും കേരളത്തിലാണെന്ന് കേന്ദ്ര സർക്കാർ വെബ്സൈറ്റിലെ കണക്കുകൾ പറയുന്നു.
ADSADSDSDSA