ഇടുക്കിക്ക് ആശ്വാസം; പട്ടയഭൂമിയിലെ നിർമ്മാണ നിരോധനം നീക്കി, ചരിത്രപരമായ തീരുമാനവുമായി സംസ്ഥാന സർക്കാർ


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം/ഇടുക്കി: ഇടുക്കി ജില്ലയിലെ പട്ടയഭൂമിയിൽ കൃഷിക്കും വീടുപണിക്കുമല്ലാതെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുണ്ടായിരുന്ന നിരോധനം സംസ്ഥാന സർക്കാർ നീക്കി. കേരള ഭൂമി പതിവ് ചട്ടത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ 2010 മുതൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് അറുതിയാവുകയാണ്. ഇനി മുതൽ പട്ടയഭൂമിയിൽ വീടുമാത്രമല്ല, വാണിജ്യ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങളും നിയമവിധേയമായി നിർമ്മിക്കാൻ സാധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

നിർമ്മാണ പ്രവർത്തനങ്ങൾക്കായി നിശ്ചിത ഫീസ് ഘടനയും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. 5000 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങൾക്ക് ഫീസ് നൽകേണ്ടതില്ല. 5000 മുതൽ 10,000 ചതുരശ്ര അടി വരെയുള്ളവയ്ക്ക് ഭൂമിയുടെ ന്യായവിലയുടെ ഒരു ശതമാനവും, അതിനു മുകളിലുള്ളവയ്ക്ക് രണ്ട് ശതമാനവുമാണ് ഫീസ് ഈടാക്കുക. മറ്റ് ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കുന്നതിന് ന്യായവിലയുടെ അഞ്ച് ശതമാനം നൽകണം. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള അനുമതിക്ക് പുറമെ നിലവിലുള്ളവ ക്രമവൽക്കരിക്കാനും പുതിയ ചട്ടം വഴി സാധിക്കും.

ഹൈറേഞ്ച് ജനതയുടെ ദീർഘകാല ആവശ്യമാണ് ഇതോടെ നടപ്പിലായതെന്ന് മന്ത്രി പറഞ്ഞു. ഭൂമി പതിവ് വ്യവസ്ഥകൾ ലംഘിക്കുന്നു എന്നാരോപിച്ച് ചില സംഘടനകൾ കോടതിയെ സമീപിച്ചതോടെ ഇടുക്കിയിലെ വികസന പ്രവർത്തനങ്ങൾ ദീർഘകാലമായി സ്തംഭനാവസ്ഥയിലായിരുന്നു. ഈ പ്രതിസന്ധി നീങ്ങുന്നതോടെ ജില്ലയുടെ വികസനത്തിന് വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed