ലിബിയൻ തീരത്ത് കപ്പലപകടം; 61 പേർ മുങ്ങി മരിച്ചു, സർവിസുകൾ നിർത്തിവെച്ച് കൂടുതൽ ഷിപ്പിങ് കമ്പനികൾ

ട്രിപ്പോളി: ലിബിയൻ തീരുത്തുണ്ടായ ദാരുണമായ കപ്പലപകടത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 61 കുടിയേറ്റക്കാർ മുങ്ങി മരിച്ചു. ലിബിയയിലെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം) ആണ് ഇക്കാര്യം അറിയിച്ചത്. ലിബിയൻ നഗരമായ സ്വാരയിൽനിന്നും പുറപ്പെട്ട വലിയ ബോട്ടാണ് അപകടത്തിൽപെട്ടത്. ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ റൂട്ടുകളിലൊന്നാണ് മധ്യ മെഡിറ്ററേനിയൻ കടൽ. ഇറ്റലി വഴി യൂറോപ്പിലെത്താൻ മേഖലയിൽനിന്നുള്ള കുടിയേറ്റക്കാർ പ്രധാനമായും പുറപ്പെടുന്നത് ലിബിയയിൽനിന്നും തുനീഷ്യയിൽ നിന്നുമാണ്. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച് തുനീഷ്യയിൽനിന്നും ലിബിയയിൽനിന്നും ഈ വർഷം 1,53,000 കുടിയേറ്റക്കാരാണ് ഇറ്റലിയിൽ എത്തിയത്.
അതേസമയം കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയതോടെ സർവിസുകൾ നിർത്തിവെച്ച് കൂടുതൽ ഷിപ്പിങ് കമ്പനികൾ. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളായ മെർസെക്, ഹപാഗ് ലോയ്ഡ് എന്നിവ ചെങ്കടലിലൂടെയുള്ള സർവിസ് നിർത്തിവെക്കുന്നതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രമുഖ കമ്പനികളായ ഇറ്റലിയുടെ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി, ഫ്രാൻസിന്‍റെ സി.എം.എ ജി.സി.എം എന്നിവയും സർവിസ് നിർത്തിവെക്കുകയാണെന്ന് അറിയിച്ചു. ലോകത്തെ വാണിജ്യ കപ്പൽ ഗതാഗതത്തിന്‍റെ 40 ശതമാനവും ചെങ്കടൽ വഴിയുള്ളതാണ്. ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പൽപാതയാണ്. ചെങ്കടൽ വഴിയുള്ള കപ്പൽ നീക്കങ്ങൾ പ്രതിസന്ധിയിലാകുന്നത് ഇസ്രായേലിന് മേൽ വലിയ അന്താരാഷ്ട്ര സമ്മർദമുണ്ടാക്കും.
DSADSASASADSADS