ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച സംഭവം; എസ്.എഫ്.ഐ പ്രവർത്തകർക്കും ജാമ്യമില്ല


ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കും ജാമ്യമില്ല. ഇവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകളെല്ലാം നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസിന്‍റെ വീഴ്ച മനഃപൂർവമല്ലെന്ന് കാണിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡി.ജി.പിക്ക് റിപ്പോർട്ട്‌ സമർപ്പിച്ചു. പൊലീസ് ചുമത്തിയ ഐ.പി.സി 124, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ പ്രാഥമികമായി നിലനിൽക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്. ഗവർണറുടെ വാഹനത്തിന് സംഭവിച്ച 76,357 രൂപയുടെ നാശനഷ്ടത്തിന് പരിഹാരമായി ഈ തുക നഷ്ടപരിഹാരമായി കെട്ടിവെയ്ക്കാം എന്ന് പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷനും അതിനെ അനുകൂലിച്ചു. എന്നാൽ കോടതി മറിച്ചൊരു നിലപാടാണെടുത്തത്. പണം കെട്ടിവെയ്ക്കാമെങ്കിൽ എന്തുമാകാം എന്ന നിലയിലായോ എന്ന് കോടതി ചോദിച്ചു. തുടർന്ന് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.   

പ്രതിഷേധത്തേക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടാണ് കമീഷണർ സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് അധിക സുരക്ഷ ഒരുക്കിയിരുന്നുവെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പ്രതിഷേധക്കാർ തമ്പടിച്ചിരുന്ന സ്ഥലത്ത് പൊലീസുകാരെ വിന്യസിച്ചു. പാളയം ഭാഗത്ത് കടകളിൽ ഒളിച്ചിരുന്ന പ്രതിഷേധക്കാർ കുതിച്ച് ചാടിയത് അപ്രതീക്ഷിതമായിരുന്നു. ഗവർണറുടെ വാഹനത്തിൽ അടിക്കുന്ന തരത്തിലേക്ക് പ്രതിഷേധം മാറിയത് ഇങ്ങനെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്ഭവനുമായി ചര്‍ച്ച ചെയ്ത് ഭാവിയില്‍ സുരക്ഷ കൂട്ടുമെന്നും കമ്മീഷണര്‍ റിപ്പോർട്ടിൽ വ്യക്തമാക്കി. വീഴ്ചയുണ്ടായെന്ന് സമ്മതിച്ചെങ്കിലും ആര്‍ക്കെതിരെയും നടപടിക്ക് റിപ്പോർട്ടിൽ നിര്‍ദേശമില്ല.

article-image

്േമി്

You might also like

  • Lulu Exchange
  • Straight Forward

Most Viewed