വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം:
ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ 17 വയസുള്ള വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നെയ്യാറ്റിൻകര എഎസ്പി ടി. ഫറാഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തിരുവനന്തപുരം റൂറൽ എസ്പി രൂപീകരിച്ചത്.
സംഭവത്തിൽ ദുരൂഹത ആരോപിച്ചു പെണ്‍കുട്ടിയുടെ ബന്ധുക്കൾ രംഗത്തു വന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ബാലരാമപുരം ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. വിജയകുമാർ, പൂവാർ ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ബി. പ്രവീണ്‍, വനിത സെൽ സിഐ എൽ. സീന എന്നിവർ ഉൾപ്പെടുന്ന 13 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
കഴിഞ്ഞ 13നു ബാലരാമപുരം അൽ അമാൻ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ കീഴിലുള്ള ഇടമനക്കുഴിയിലെ ഖദീജത്ത് ഉൾ കുബ്ര വനിത അറബിക് കോളജിലെ ലൈബ്രറി റൂമിലാണ് പ്ലസ് വണ്‍ വിദ്യാർഥിനിയായ അസ്മിയ മോളെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ഥാപന അധികൃതർക്കെതിരേ അസ്മിയമോൾ പരാതി നൽകിയതിനു പിന്നാലെയാണു മരിച്ചനിലയിൽ കണ്ടതെന്നാണു ബന്ധുക്കളുടെ ആരോപണം. അസ്മിയ ഈ സ്ഥാപനത്തിൽ താമസിച്ചാണു പഠിച്ചിരുന്നത്.
a