പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ കേസ്

പാലക്കാട് ചിറ്റൂരിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഡോക്ടർ ദമ്പതികളായ കൃഷ്ണനുണ്ണി, ദിപിക എന്നിവർക്കെതിരെയാണ് മനപ്പൂർമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തത്.
നല്ലേപ്പിള്ളി സ്വദേശി അനിതയും നവജാത ശിശുവുമാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. സിസേറിയനിൽവന്ന പിഴവാണ് മരണകാരണമെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. അമിത രക്തസ്രാവമാണ് അനിതയുടെ മരണത്തിനിടയാക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം.
തിങ്കളാഴ്ചയാണ് അനിത പ്രസവത്തിനായി ആശുപത്രിയിലെത്തിയത്. സ്‌കാനിങ്ങിലോ മറ്റു പരിശോധനകളിലോ കുഴപ്പങ്ങളുണ്ടായിരുന്നില്ല. ശസ്ത്രക്രിയയ്ക്കു ശേഷം പുറത്തെടുത്ത കുഞ്ഞിന്റെ നില ആശങ്കാജനകമാണെന്നും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.
തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ കുഞ്ഞിന്റെ മരണം സംഭവിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ അനിതയും മരിച്ചു. അശ്രദ്ധമായാണ് ഡോക്ടർ വിഷയം കൈകാര്യം ചെയ്തതെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.
styd