കാര്യവട്ടം വിവാദം; ബി.സി.സി.ഐ വിശദീകരണം തേടി

കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ−ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്‍റെ വിനോദ നികുതി കുത്തനെ കൂട്ടിയ നടപടിയിൽ ബി.സി.സി.ഐ വിശദീകരണം തേടി. കേരള ക്രിക്കറ്റ് അസോസിയേഷനോടാണ് ബി.സി.സി.ഐ വിശദീകരണം തേടിയത്. ടിക്കറ്റുമായി ബന്ധപ്പെട്ട് എന്താണ് പ്രശ്നമെന്ന് ബി.സി.സി.ഐ ആരാഞ്ഞു. അനാവശ്യ വിവാദമാണ് ഇപ്പോൾ നടക്കുന്നതെന്ന് കെ.സി.എ മറുപടി നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കളി നടക്കുമോ എന്ന ആശങ്കയിലാണ് ബി.സി.സി.ഐ റിപ്പോർട്ട് തേടിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്ത്യ−ദക്ഷിണാഫ്രിക്ക മത്സരത്തിൽ 5% ആയിരുന്ന വിനോദ നികുതി 12 ശതമാനമായാണ് വർധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തിൽ അധികം നൽകേണ്ടി വരും.
18% ജി.എസ്.ടിക്ക് പുറമേയാണിത്. ഇതുകൂടി ഉൾപ്പെടുമ്പോൾ ആകെ നികുതി 30% ആയി ഉയരും. ഇന്ത്യ−ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ഈ മാസം 12ന് കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ടീമുകൾ 14ന് പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതൽ നാലു മണിവരെ ശ്രീലങ്കൻ ടീമും വൈകിട്ട് അഞ്ചു മുതൽ എട്ടുവരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും.