റിജി ജോണിന്റെ നിയമനം യുജിസി ചട്ട വിരുദ്ധം; സുപ്രീം കോടതിയെ സമീപിച്ച് ഗവർണർ

ഫിഷറീസ് സർവ്വകലാശാല മുൻ വൈസ് ചാൻസലർ കെ റിജി ജോണിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഗവർണർ ഇക്കാര്യം ചൂണ്ടി കാട്ടിയത്. കേരളത്തിലെ എല്ലാ സർവ്വകലാശാലകൾക്കും യുജിസി ചട്ടം ബാധകമാണെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും ഗവർണർ സത്യവാങ്മൂലത്തിൽ ചൂണ്ടികാട്ടി. യുജിസി ചട്ടങ്ങളിൽ വന്ന മാറ്റം റിജി ജോൺ കോടതിയിൽ നിന്നും മറച്ചുവെച്ചെന്ന ആരോപണവും ഗവർണർ സത്യവാങ്മൂലത്തിൽ ഉന്നയിച്ചിട്ടുണ്ട്.
കുഫോസ് വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ റിജി ജോൺ നൽകിയ ഹർജിയിൽ സുപ്രീം കോടതി ചാന്‍സലർ കൂടിയായ ഗവർണർക്ക് നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിന് നൽകിയ മറുപടിയിലാണ് നിയമനം ചട്ട വിരുദ്ധമാണെന്ന് ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്. നിയമനം നിയമവിധേയമായാണ് നടന്നതെന്നായിരുന്നു ഗവർണർ കേരള ഹൈക്കോടതിയിൽ എടുത്തിരുന്ന നിലപാട്.
എന്നാൽ സുപ്രീം കോടതിയുടെ യുജിസി ചട്ടം പാലിക്കണമെന്ന രണ്ട് വിധികളുടെ പശ്ചാത്തലത്തിൽ താന്‍ നിലപാട് മാറ്റുകയാണെന്ന് സത്യവാങ്മൂലത്തിൽ ഗവർണർ വ്യക്തമാക്കി. 2018 ലെ യുജിസി ചട്ടങ്ങൾ കാർഷിക സർവ്വകലാശാലകൾക്ക് ബാധകമല്ലെന്നായിരുന്നു കെ റിജി ജോണിന്റെ പ്രധാന വാദം. എന്നാൽ എല്ലാ സർവ്വകലാശാലകൾക്കും യുജിസി ചട്ടം ബാധകമാണെന്ന് വ്യക്തമാക്കി 2019 ൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. അതിനാൽ ഫിഷറീസ് സർവ്വകലാശാലക്കും യുജിസി ചട്ടം ബാധകമാണെന്ന് ചാന്‍സലർ സത്യവാങ്മൂലത്തിൽ പറയുന്നു.
47568