ചെറിയാന്റെ തിരിച്ചുവരവ്: സത്യപ്രതിജ്ഞാ ദിനം കരിദിനമായി ആചരിക്കും; കെ സുധാകരന്‍


സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സജി ചെറിയാന്റെ വിവാദ പരാമര്‍ശം മാധ്യമങ്ങളടക്കം നല്‍കി. ആര്‍ക്കും അതില്‍ എതിരഭിപ്രായമില്ല. സിപിഐഎമ്മിന് മാത്രമാണ് അംഗീകരിക്കാനാകാത്തത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് സജി ചെറിയാനെ മാറ്റിനിര്‍ത്തിയതെന്ന് കെ സുധാകരന്‍ ചോദിച്ചു.

സിപിഐഎം ഇതിന് മറുപടി പറയണം. ഒരു സുപ്രഭാതത്തില്‍ ആ തീരുമാനം എങ്ങനെ മാറിയെന്ന് കെപിസിസി പ്രസിഡന്റ് ചോദിച്ചു. സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കാനാണ് തീരുമാനമെന്നും കെ സുധാകരന്‍ പറഞ്ഞു.

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് സജി ചെറിയാന്‍ രാജിവച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് വീണ്ടും അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറുടെ സൗകര്യം നോക്കി തീയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സജി ചെറിയാന് പകരം മന്ത്രിയെ നിശ്ചയിച്ചിരുന്നില്ല. മൂന്ന് മന്ത്രിമാര്‍ക്കായി സജി ചെറിയാന്റെ വകുപ്പുകള്‍ വീതിച്ച് നല്‍കുകയാണ് ചെയ്തിരുന്നത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗത്തിന് ശേഷമായിരുന്നു സജി ചെറിയാന്റെ രാജി. ആദ്യം വിഷയത്തില്‍ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് അപേക്ഷ നല്‍കിയത്. സജി ചെറിയാന്‍ കുറ്റവിമുക്തനാണെന്ന് ബോധ്യമായതിനാലാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്നതെന്നാണ് സിപിഐഎമ്മിന്റെ നിലപാട്.

ഭരണഘടനയെ വിമര്‍ശിക്കുകയാണ് ചെയ്തതെന്നും ഭരണഘടനയെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടുമില്ലെന്നായിരുന്നു സജി ചെറിയാന്റെ വിശദീകരണം. ഈ നിലപാടിന് സിപിഐഎമ്മും അംഗീകാരം നല്‍കുകയാണ്. ചില നിയമോപദേശങ്ങള്‍ കൂടി സ്വീകരിച്ച ശേഷമാണ് സിപിഐഎം സജി ചെറിയാനെ മന്ത്രിസഭയിലേക്ക് വീണ്ടും എത്തിക്കാന്‍ തീരുമാനമെടുത്തതെന്നാണ് വിവരം. മുന്‍പ് കൈകാര്യം ചെയ്തിരുന്ന സാംസ്‌കാരികം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ തന്നെയാണ് സജി ചെറിയാന് നല്‍കുക.

article-image

hvjgh

You might also like

Most Viewed