ബഫർസോൺ ഉപഗ്രഹ സർവേ; വിദഗ്ധ സമിതിയുടെ കാലാവധി നീട്ടി

ബഫർസോൺ ഉപഗ്രഹ സർവേയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി സർക്കാർ നീട്ടി. സമിതിയുടെ മുന്നിൽ പരാതി നൽകാൻ സമയം വേണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് നടപടി. വനംമന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ജനങ്ങൾക്ക് പരാതി നൽകാനുള്ള തീയതിയും നീട്ടി നൽകി. ബഫർസോൺ വിഷയത്തിൽ ജുഡീഷ്യൽ സ്വഭാവമുള്ള വിദഗ്‌ധസമിതിയുടെ വിശദമായ പരിശോധനാ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ സർക്കാർ അന്തിമതീരുമാനമെടുക്കൂ എന്ന് മന്ത്രി എ.കെ ശശീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആശങ്കയുള്ളവരും പരാതിയുള്ളവരും സമിതിയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദഗ്‌ധസമിതിയുടെ മുന്നിൽ പരാതി ബോധിപ്പിക്കാനുള്ള സമയം ഈ മാസം 23ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും സർക്കാർ സമയം നീട്ടിയിരിക്കുന്നത്.
അതിനിടെ, സാറ്റലൈറ്റ് സർവേയ്‌ക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കെ.സി.ബി.സി (കേരള കത്തോലിക്ക മെത്രാൻ സമിതി). ബഫർസോൺ നിർണയത്തിനായി നടത്തുന്ന ഉപഗ്രഹ സർവേയ്‌ക്കെതിരെ ജനജാഗ്രത യാത്ര നടത്താൻ കെ.സി.ബി.സി തീരുമാനിച്ചു. കർഷക സംഘടനകളുമായി ചേർന്നാണ് ജനജാഗ്രത യാത്ര നടത്തുക. താമരശ്ശേരി രൂപത അധ്യക്ഷൻ റെമിജിയോസ് ഇഞ്ചനാനി യാത്ര ഉദ്‌ഘാടനം ചെയ്യും. ഈ മാസം 19നാണ് യാത്ര ആരംഭിക്കുക.
ബഫർസോൺ ഉപഗ്രഹ സർവേയിൽ അടിമുടി ആശയക്കുഴപ്പമാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് കെ.സി.ബി.സിയുടെ നീക്കം. അതിരുകളിലെ അവ്യക്തതയിൽ മലയോര കർഷകർ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്തുവന്നിട്ടും മലബാർ വന്യജീവി സങ്കേതത്തിന്‍റെ ബഫർസോണിൽ അവ്യക്തത നിലനിൽക്കുകയാണ്.
ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ കരടിൽ ജനവാസ മേഖലയിലെ നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും വിട്ടുപോയെന്നാണ് പരാതി. വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ അനുബന്ധ വിവരങ്ങൾ കൂടി ചേർത്ത് പുതിയ പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാർ നിർദേശിച്ചെങ്കിലും ഇതും പ്രായോഗികമല്ലെന്നാണ് ആക്ഷേപം.
fdgdgd