കൂട്ട ബലാത്സംഗം ചെയ്ത 11 പ്രതികളെ മോചിപ്പിച്ച സംഭവം; ബിൽക്കിസ് ബാനു സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വെറുതെ വിട്ടയച്ചതിനെതിരായ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ 14 അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ ശിക്ഷാ കാലാവധി തീരുന്നതിന് മുമ്പ് വെറുതെവിട്ട ഗുജറാത്ത് സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
ബിൽക്കിസ് ബാനു നൽകിയ ഹർജിയിൽ സുപ്രീംകോടതി കഴിഞ്ഞ ദിവസവും രൂക്ഷമായ പ്രതികരണവുമായി എത്തിയിരുന്നു. തന്റെ ഹർജി പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിൽ നിന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി പിന്മാറിയതിനെത്തുടർന്ന് പുതിയ ബെഞ്ച് രൂപീകരിക്കണമെന്ന ബിൽക്കിസിന്റെ ആവശ്യത്തോടാണ് ചീഫ് ജസ്റ്റിസ് രൂക്ഷമായി പ്രതികരിച്ചത്. ഹർജി ലിസ്റ്റ് ചെയ്യും, ഒരേകാര്യം തന്നെ വീണ്ടും വീണ്ടും പറയരുത്. ഇത് ഭയങ്കര ശൽയമാണ്, എന്നാണ് ബിൽക്കിസ് ബാനുവിന്റെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്.
ബിൽക്കിസ് ബാനു നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ജഡ്ജി ബേല എം. ത്രിവേദിയും കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ജസ്റ്റിസ് അജയ് രസ്തോഗിയും ജസ്റ്റിസ് ബേല എം. ത്രിവേദിയും അംഗമായ ബെഞ്ചിലാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. ഹർജി പരിഗണനയ്ക്കെത്തിയപ്പോൾ തങ്ങളിലൊരാൾ അംഗമല്ലാത്ത ബെഞ്ചിൽ കേസ് ലിസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് അജയ് രസ്തോഗി നിർദേശിക്കുകയായിരുന്നു. തുടർന്ന് കേസിൽ നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദിയും അറിയിക്കുകയായിരുന്നു. എന്നാൽ കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാനുള്ള കാരണം ബേല എം. ത്രിവേദി വ്യക്തമാക്കിയില്ല.
ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയ ജസ്റ്റിസ് ത്രിവേദി 2004 മുതൽ 2006 വരെ ഗുജറാത്ത് സർക്കാറിന്റെ നിയമകാര്യ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ബിൽക്കിസ് ബാനുവിനെ ബലാത്സംഗത്തിനിരയാക്കുകയും കുടുംബാംഗങ്ങളെ കൊല്ലപ്പെടുത്തുകയും ചെയ്ത കേസിൽ കുറ്റവാളികളായ പതിനൊന്നുപേരെ കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. കുറ്റവാളികളെ വെറുതെവിട്ടുകൊണ്ട് ഗുജറാത്ത് സർക്കാർ ഉത്തരവിടുകയായിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിനിടെയായിരുന്നു പ്രതികൾ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ 14 അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തത്. വിവാദമായ സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷം 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
തുടർന്ന് വെറുതെവിട്ട പ്രതികൾ ബ്രാഹ്മണരാണെന്നും നല്ല സംസ്‌കാരത്തിന് ഉടമകളാണെന്നുമുള്ള ബി.ജെ.പി നേതാവ് ചന്ദ്രസിൻഹ് റൗൾജിയുടെ പരാമർശവും വിവാദമായിരുന്നു. അവർ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യം ചെയ്തോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. അവർ ബ്രാഹ്മണരാണ്, ബ്രാഹ്മണർ നല്ല സംസ്‌കാരത്തിന് ഉടമകളാണ്. അവരെ ശിക്ഷിക്കാനുള്ള മറ്റാരുടേയോ ദുരുദ്ദേശം ഇതിലുണ്ട്, എന്നാണ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ റൗൾജി പറഞ്ഞത്.
കേസിലെ കുറ്റവാളികളെ മോചിപ്പിച്ചത് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണെന്നും, ശിക്ഷിക്കപ്പെട്ട എല്ലാവരെയും നല്ല പെരുമാറ്റത്തിന്റെ പേരിലാണ് വിട്ടയച്ചതെന്നും ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും പറഞ്ഞിരുന്നു. അഹമ്മദാബാദിലാണ് ബിൽക്കിസ് ബാനു കേസിന്റെ വിചാരണ ആരംഭിച്ചത്. എന്നാൽ സാക്ഷികളെ ഉപദ്രവിക്കുന്നുവെന്നും, സി.ബി.ഐ ശേഖരിച്ച തെളിവുകൾ അട്ടിമറിക്കപ്പെടുമെന്നും ബിൽക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന്, 2004 ഓഗസ്റ്റിൽ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റുകയായിരുന്നു. 2008 ജനുവരി 21ന് പ്രത്യേക സി.ബി.ഐ കോടതി പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ ശിക്ഷിച്ചത്. ബിൽക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നിർദേശവും നൽകിയിരുന്നു.
എന്നാൽ ശിക്ഷിക്കപ്പെട്ടവരിൽ ഒരാൾ തന്റെ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. ഇതിന് പിന്നാലെ ഗുജറാത്ത് സർക്കാർ 11 കുറ്റവാളികളെയും മോചിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് കുറ്റവാളികളെല്ലാം ഓഗസ്റ്റ് 15ന് ജയിൽ മോചിതരാവുകയായിരുന്നു.
67r7
67r7