നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ല; എംവി ഗോവിന്ദൻ

നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിയമസഭാ സമ്മേളനം തുടരുകയാണ്. നയപ്രഖ്യാപനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ''നയപ്രഖ്യാപനം ഒഴിവാക്കുമെന്ന് ആരാണ് പറഞ്ഞത്. നയപ്രഖ്യാപനപ്രസംഗം സംബന്ധിച്ച് സർക്കാരാണ് തീരുമാനിക്കുന്നത്. അതെല്ലാം തീരുമാനിച്ച് മുന്നോട്ട് പോകും.''−എംവി ഗോവിന്ദൻ പറഞ്ഞു. ഗവർണർ സർക്കാർ തർക്കം മൂർച്ഛിച്ച പശ്ചാത്തലത്തിലാണ്, നയപ്രഖ്യാപനം തൽക്കാലത്തേക്ക് ഒഴിവാക്കിയത്. പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സഭ സമ്മേളനത്തിലും പുതു വർഷത്തിലെ ആദ്യ സഭാ സമ്മേളനത്തിലും ഗവർണർ നയപ്രഖ്യാപനം നടത്തണമെന്നാണ് ഭരണഘടനാ വ്യവസ്ഥ.
സംസ്ഥാന ഗവർണറായിരുന്ന രാം ദുലാരി സിൻഹയുമായി ഇകെ നായനാർ സർക്കാർ ഇടഞ്ഞ 1989ൽ ഡിസംബറിലെ സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടിയിരുന്നു. ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി, ബംഗാൾ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ നയപ്രഖ്യാപനം തത്കാലം ഒഴിവാക്കിയിരുന്നു. ഇതെല്ലാം മാതൃക ആക്കിയാണ് സർക്കാർ നയപ്രഖ്യാപനം വെട്ടിയത്. എന്നാൽ നയപ്രഖ്യാപനം ഗവർണറുടെ ഭരണഘടനാ അവകാശമാണ്. അതിനാൽ തന്നെ നയപ്രഖ്യാപനം തത്കാലം നീട്ടാൻ സർക്കാരിന് സാധിക്കുമെങ്കിലും എട്ടാം സമ്മേളനം നയപ്രഖ്യാപനത്തോടെയാകും തുടങ്ങുക.
2023ലെ നിയമസഭാ സമ്മേളനത്തിനായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലേക്ക് ആവശ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് നൽകാൻ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
6e6e5