ഫുട്‌ബോൾ ലഹരി അതിരുവിടുന്നു, വിശ്വാസികൾ നമസ്‌കാരം ഉപേക്ഷിക്കുന്നത് ചൂണ്ടിക്കാട്ടി സമസ്ത

ഫുട്‌ബോൾ ലഹരി അതിരുവിടുന്നുവെന്ന് സമസ്തയുടെ ഖുത്തുബ കമ്മിറ്റി. താരാരധനയിലേക്കും അന്യ രാജ്യങ്ങളുടെ ദേശീയ പതാകകൾ സ്വന്ത്യം രാജ്യത്തേക്കാൾ സനേഹിക്കുന്ന തരത്തിലേക്കും കാര്യങ്ങൾ മാറുന്നു. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികൾ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പള്ളികളിൽ ഇന്ന് ഉച്ചയ്ക്ക് പ്രാർത്ഥനയ്ക്ക് ശേഷം ഈ മുന്നറിയിപ്പ് നൽകുമെന്നും സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി അറിയിച്ചു.
സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ നിത്യ ഭക്ഷണത്തിന് പോലും മനുഷ്യൻ പ്രയാസമനുഭവിക്കുമ്പോൾ വമ്പിച്ച സമ്പത്ത് കട്ടൗട്ടുകൾ ഉയർത്താനും മറ്റുമായി ചെലവാക്കുന്ന അവസ്ഥ യുവാക്കൾക്കിടയിൽ വ്യാപകമായി മാറുകയാണ്. അതോടൊപ്പം കുട്ടികളുടെ പഠനങ്ങൾക്ക് പോലും ഭംഗം വരുകയും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമസ്തയുടെ ഖുത്തുബ കമ്മിറ്റി ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിരിക്കുന്നതെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
ഇതിൽ ഒരു യാഥാസ്ഥിതികത്വവും ഇല്ല. കഴിഞ്ഞ തവണയും അതിന് മുമ്പും ഇത്തരത്തിലുള്ള ബോധവൽക്കരണം നടത്തിയിട്ടുണ്ട്. യാഥാസ്ഥിതികന്മാർ എന്ന് മാത്രം പറഞ്ഞ് ആക്ഷേപിക്കേണ്ട ആവശ്യമില്ല. പുരോഗമന വാദികൾ എന്ന് പറയുന്ന സംഘടനകൾ പോലും ഇത്തരം ബോധവൽക്കരണം നടത്താറുണ്ട്. ഇത് യാഥാസ്ഥിതികത്വവും പുരോഗമനവും തമ്മിലുള്ള സംഘർഷമല്ല. തങ്ങൾ പുതുതലമുറയുടെ വികാരങ്ങൾ ഉൾക്കൊള്ളുന്നവരും അതിനെ നിരുത്സാഹപ്പെടുത്താത്തവരുമാണ്. എന്നാൽ ഇത് ജ്വരമായി മാറുന്നതിനെയാണ് എതിർക്കുന്നതെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
dfhf