പലിശക്കാർക്കെതിരെ പരാതിയുമായി പ്ലസ് വൺ വിദ്യാർത്ഥി മുഖ്യമന്ത്രിയുടെ മുമ്പിൽ


വീട്ടുകാരോട് പറയാതെ ഒളിച്ചോടി പതിനാറുകാരന്‍ തിരുവനന്തപുരത്തെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെക്കാണാന്‍. കുറ്റ്യാടി കാക്കുനി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ദേവനന്ദനാണ് മുഖ്യമന്ത്രിയെക്കാണാന്‍ പത്ത് മണിക്കൂര്‍ സാഹസിക യാത്ര നടത്തി ക്ലിഫ് ഹൗസിലെത്തിയത്. ഇന്നലെ രാവിലെയാണ് വീട്ടില്‍ പറയാതെ ദേവനന്ദന്‍ മുഖ്യമന്ത്രിയെക്കാണാനായി പുറപ്പെട്ടത്.

തന്നെ കാണാനായി 16 വയസുകാരന്‍ നടത്തിയ ഒളിച്ചോട്ടത്തെക്കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവനന്ദനെ വിളിപ്പിച്ച് കാര്യങ്ങള്‍ തിരക്കി. വീട്ടുകാര്‍ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പണം പലിശക്ക് വാങ്ങിയെന്നും അതിന്റെ ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ അവര്‍ ശല്യം ചെയ്യുകയാണ് എന്നും ദേവനന്ദന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ദേവനന്ദന്റെ പരാതി ഗൗരവത്തോടെ കേട്ട മുഖ്യമന്ത്രി ദേവനന്ദനെ ആശ്വസിപ്പിക്കുകയും ഇതില്‍ സര്‍ക്കാരിന് എന്ത് ചെയ്യുമെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇന്നലെ രാത്രി 9 മണിയോടെയാണ് ദേവനന്ദന്‍ തിരുവനന്തപുരത്തെത്തിയത്. തമ്പാനൂരില്‍ നിന്ന് ഓട്ടോയില്‍ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണം എന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന പോലീസുകാരോട് ആവശ്യപ്പെട്ടു. സംശയം തോന്നിയ പോലീസുകാര്‍ കുട്ടിയെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. മുഖ്യമന്ത്രിയെ കണ്ടശേഷം തിരുവനന്തപുരത്തെത്തിയ അച്ഛനൊപ്പമാണ് ദേവനന്ദന്‍ വീട്ടിലേക്ക് മടങ്ങിയത്. പൊലീസാണ് കുട്ടിക്ക് രാത്രി ഭക്ഷണം വാങ്ങി നല്‍കിയത്. ആവള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ് ദേവനന്ദന്‍.

article-image

a

You might also like

Most Viewed