നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ല; പ്രോസിക്യൂഷൻ


നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ. ജഡ്ജി ഹണി എം. വർഗീസിന് മുന്നിൽ അപേക്ഷ സമർപ്പിച്ചു. സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നത്.

ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അജകുമാർ ഹർജിയിൽ പറയുന്നു. ഹണി എം. വർഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായപ്പോൾ കേസ് രേഖകൾ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു.
സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റരുതെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും അനുവദിച്ചിരുന്നില്ല. കേസിൽ തുടരന്വേഷണം നടത്തി സമർപ്പിച്ച കുറ്റപത്രത്തിന്‍റെ പകർപ്പ് പ്രതികൾക്ക് ഇന്ന് കൈമാറിയേക്കും.

അതിജീവിതയുടെ ആവശ്യപ്രകാരമാണ് കേസ് വിചാരണ വനിത ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തിയത്. വിചാരണ കോടതിക്കെതിരെ ആരോപണമുന്നയിച്ചതിനെ നടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് നടിയുടെ അഭിഭാഷക വ്യക്തമാക്കിയിരുന്നു.

You might also like

Most Viewed