തായ്‍വാന്റെ മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ ഹോട്ടലിൽ മരിച്ച നിലയിൽ

അതിർത്തിയിൽ മിസൈലുകളടക്കമുള്ള ആയുധങ്ങൾ അണിനിരത്തിയുള്ള സൈനികാഭ്യാസവുമായി ചൈന യുദ്ധ ഭീതി തുടരവെ, തായ്‍വാൻ പ്രതിരോധ മന്ത്രാലയത്തിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് യൂനിറ്റിന്റെ ഉപ മേധാവിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സെൻട്രൽ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തായ്‌വാൻ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള നാഷനൽ ചുങ്–ഷാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഉപമേധാവിയായ ഔ യാങ് ലി സിങ്ങിനെയാണ് തെക്കൻ തായ്‍വാനിലെ ഹോട്ടൽ മുറിയിൽ ശനിയാഴ്ച ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
ബിസിനസ് ആവശ്യങ്ങൾക്കായാണ് തെക്കൻ തായ്‍വാനിലെ പിങ്ടുങ് നഗരത്തിലേക്ക് യാങ് പോയതെന്ന് സി.എൻ.എ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷാദ്യമാണ്
വിവിധ തരത്തിലുള്ള മിസൈൽ നിർമാണ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്ന ചുമതല യാങ് ഏറ്റെടുത്തത്. ചൈനയുടെ ഭീഷണി അതിജീവിക്കാൻ മിസൈൽ ഉൽപ്പാദനം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കാനാണ് തായ്‍വാന്റെ പദ്ധതി. അതിനിടയിലാണ് തലപ്പത്തിരിക്കുന്ന ആളുടെ മരണം.