മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിൽ‍ വീഴ്ച; എസ്.എച്ച്.ഒയെ സ്ഥംമാറ്റി


എറണാകുളത്ത് മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ പൊലീസ് നടപടി. എളമക്കര സ്റ്റേഷൻ സി.ഐ സാബുജിയെ വാടാനപ്പള്ളി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. ഗുണ്ടാബന്ധം ചൂണ്ടിക്കാട്ടി കോട്ടയം സൈബർ ക്രൈം സ്റ്റേഷൻ ഹൗസ് ഓഫീസറെയും സ്ഥലം മാറ്റിയിട്ടുണ്ട്.

വെള്ളിയാഴ്ച ഒരു മണിയോടെ കാക്കനാട് ഗവണ്‍മെന്റ് പ്രസ്സിലെ ഉദ്ഘാടന പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. മടക്ക യാത്രയ്ക്കിടെ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് അപ്രതീക്ഷിത പ്രതിഷേധം നടത്തി. ഇട−റോഡിൽ നിന്ന് കാക്കനാട് ജംഗ്ഷനിലേക്ക് വാഹനവ്യൂഹം പ്രവേശിക്കുമ്പോൾ, യൂത്ത് കോണ്‍ഗ്രസ് എറണാകുളം നിയോജകമണ്ഡലം ജനറൽ‍ സെക്രട്ടറി സോണി പനന്താനം മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ എടുത്തു ചാടി.

ഡ്രൈവർ‍ വണ്ടി വെട്ടിച്ച് നിർ‍ത്തിയതിനാലാണ് അപകടം ഒഴിവായത്. കറുത്ത തുണി ഉയർ‍ത്തിക്കാട്ടി മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രി ഇരിക്കുന്ന സീറ്റിനടുത്ത ഗ്ലാസിൽ‍ പലതവണ ആഞ്ഞിടിച്ച് ഇയാൾ‍ പ്രതിഷേധിച്ചു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് പൊലീസ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ചുമതലയുണ്ടായിരുന്ന എളമക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ സാബുജിയെ വാടാനപ്പള്ളിയിലേക്കു മാറ്റിയത്. പകരം വാടാനപ്പള്ളി സി.ഐയെ എളമക്കരയിലേക്കു മാറ്റി നിയമിച്ചു.

ഗുണ്ടാ ബന്ധം സ്ഥിരീകരിച്ചതിനാലാണ് കോട്ടയം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്കെതിരെ നടപടി. എം.ജെ അരുണിനെ മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയത്. കോട്ടയത്തെ ഗുണ്ടാ നേതാവ് അരുൺ ഗോപനുമായുള്ള ബന്ധമാണ് നടപടിക്ക് ഇടയാക്കിയത്. ഈ ബന്ധം ചൂണ്ടിക്കാട്ടി എസ്എച്ച്ഒയെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റാൻ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed