കരുവന്നൂർ ബാങ്കിന്റെ നിക്ഷേപ തട്ടിപ്പിനിരയായ വൃക്കരോഗിക്ക് സഹായവുമായി സുരേഷ് ഗോപി

കരുവന്നൂർ ബാങ്കിന്റെ നിക്ഷേപ തട്ടിപ്പിനിരയായ വൃക്കരോഗിക്ക് സഹായവുമായി നടൻ സുരേഷ് ഗോപി. തൃശ്ശൂർ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനുമാണ് താരത്തിന്റെ സഹായം. സെറിബ്രൽ പൾസി ബാധിച്ച ജോസഫിന്റെ രണ്ടു മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നൽകുന്നില്ലെന്ന് പറഞ്ഞിരുന്നു. ഈ വാർത്തയെ തുടർന്നാണ് സഹായിക്കുമെന്ന് നടൻ അറിയിച്ചത്.ജോസഫിന്റെ മക്കളുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നൽകുമെന്ന് താരം അറിയിച്ചു. വൃക്കരോഗിയായ ജോസഫിന്റെ ഭാര്യ റാണിക്ക് വയറ്റിൽ മുഴയുണ്ടെന്ന് ഈ അടുത്ത് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. പത്ത് ലക്ഷം രൂപയാണ് ജോസഫും ഭാര്യ റാണിയും കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. പണം ചോദിച്ചപ്പോൾ ബാങ്ക് തന്നില്ല. പ്രശ്നമാക്കിയപ്പോൾ ബോണ്ട് വാങ്ങി പതിനയ്യായിരം രൂപ തന്നുവെന്നും ജോസഫ് പറഞ്ഞു.
പിന്നീട് ആറു മാസം വീണ്ടും പതിനയ്യായിരം കൂടി ബാങ്കിൽ നിന്ന് ജോസഫിന് ലഭിച്ചു. വീണ്ടും കാശ് ചോദിച്ചപ്പോൾ ഇതിലും വലിയ പ്രശ്നങ്ങളായെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൽ ആരും പൈസ അടയ്ക്കുന്നില്ല. പണം അടച്ചാൽ മാത്രമെ കാശ്‍ തരൂമെന്നാണ് ബാങ്കിൽ നിന്ന് ലഭിച്ച മറുപടിയെന്ന് ജോസഫിന്റെ ഭാര്യ റാണി പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകർച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നും വിഡി സതീശൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീമിലെ അപാകം തിരുത്തി ഓർഡിനൻസ് കൊണ്ടുവരുമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
അതേസമയം സഹകരണ ബാങ്കുകളെ ലാഭത്തിലാക്കാൻ ഓഡിറ്റ് വ്യവസ്ഥയിൽ ഇളവു വരുത്തി സഹകരണ രജിസ്ട്രാർ ഉത്തരവിറക്കി. കുടിശ്ശികയുള്ള വായ്പകളുടെ കരുതൽ തുക കുറച്ച് കാണിക്കാനാണ് നിർദേശം. അനുവദിച്ച വായ്പ കുടിശികയാകുമ്പോൾ വായ്പകളുടെ നിശ്ചിത ശതമാനം സഹകരണ ബാങ്കുകൾ ലാഭത്തിൽ നിന്ന് കരുതലായി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ.മൂന്ന് വർഷം മുതൽ ആറ് വർഷം വരെ കുടിശകയായ ആൾക്ക് ജാമ്യ വായ്പകളുടെ കരുതൽ 100 ശതമാനത്തിൽ നിന്ന് 80 ശതമാനം ആക്കി. മൂന്ന് വർഷം മുതൽ ആറ് വർഷം വരെ കുടിശികയായ വായ്പകളുടെ കരുതൽ 50 ശതമാനത്തിൽ നിന്ന് 30ക്കി. ഒരു വർഷം മുതൽ 3 വർഷം വരെ കുടിശികയായ വായ്പയുടെ കരുതൽ 10 ശതമാനമായിരുന്നത് ഏഴരയാക്കി കുറച്ചു. കരുവന്നൂർ ബാങ്കിലെ ക്രമക്കേട് മുതൽ നിക്ഷേപ തുക തിരിച്ച് കൊടുക്കാൻ പോലും കഴിയാതെ പ്രതിസന്ധിയിലായ സഹകരണ ധനകാര്യ സ്ഥാപനങ്ങളുടെ എണ്ണം വരെ പുറത്ത് വരുന്നതിനിടെയാണ് സഹകരണ ബാങ്കുകൾ പ്രവർത്തന ലാഭത്തിലെന്ന് കണക്കിൽ കൂട്ടാനുള്ള സർക്കാർ നടപടി.