എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി

എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി. മാർ ആൻഡ്രൂസ് താഴത്തിനെ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ബിഷപ്പ് ആന്റണി കരിയിലിന്റെ രാജിക്കത്ത് വത്തിക്കാൻ നേരത്തെ എഴുതി വാങ്ങിയിരുന്നു. തൃശൂർ അതിരൂപത ആർച്ച് ബിഷപ്പാണ് മാർ ആൻഡ്രൂസ് താഴത്ത്
ഇതുസംബന്ധിച്ച പ്രഖ്യാപനം ജൂലൈ 30 ശനിയാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 3.30ന് സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിലും എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തും നടന്നു. അതിരൂപതയുടെ പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് വെള്ളിയാഴ്ച്ച ഡൽഹിയിൽ നിന്ന് അപ്പസ്‌തോലിക് ന്യൂൺഷോ ആർച്ചു ബിഷപ്പ് ലെയോപോൾദോ ജിറേല്ലി മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു നൽകിയിരുന്നു. തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പിന്റെ സ്ഥാനത്ത് തുടർന്നുകൊണ്ടായിരിക്കും മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയിൽ അപ്പസ്‌തോലിക് അഡ്മിനിസ്രടേറ്ററുടെ ചുമതല നിർവ്വഹിക്കുന്നത്.
പൗരസ്ത്യ സഭാനിയമത്തിലെ 234ാം നമ്പർ കാനൻ അനുസരിച്ചാണ് സേദെ പ്ലേന അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലെയണാർദോ സാന്ദ്രി നൽകിയിരിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തൻ ആർച്ചുബിഷപ്പായി മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടരുമ്പോൾത്തന്നെ മാർപാപ്പ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്ന ലാറ്റിന്‍ പദമാണ് സേദെ പ്ലേന എന്നത്. അതിരൂപതയുടെ ഭരണകാര്യങ്ങളിൽ അഡ്മിനിസ്‌ട്രേറ്ററുടെ അധികാരാവകാശങ്ങൾ നിയമനപത്രത്തിൽ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഇതിന് മുമ്പ് ഇപ്രകാരം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് 2018ൽ നിയമിതനായിരുന്നു.
1951 ഡിസംബർ 13ന് ജനിച്ച ആർച്ചുബിഷപ്പ് ആഡ്രുസ് താഴത്ത് 1977 മാർച്ച് 14നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം അതിരൂപതയിലും സഭാതലത്തിലും വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1ആം തീയതി തൃശൂർ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട മാർ താഴത്ത് 2007 മാർച്ച് 18ന് അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെട്ടു. പെർമനന്റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ, വിദ്യാഭ്യാസ കമ്മിറ്റി കൺവീനർ, കെസിബിസി ജാഗ്രതാ കമ്മീഷൻ അംഗം, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എറണാകുളംഅങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിനു പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം റോമിലേക്ക് വിളിപ്പിച്ച മെത്രാന്മാരിൽ മാർ ആൻഡ്രൂസ് താഴത്തും ഉൾപ്പെട്ടിരുന്നു.