വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ സംഭവം; ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി നിർദേശം


വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ സംഭവത്തിൽ ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി നിർദേശം. ഇപി ജയരാജൻ, മുഖ്യമന്ത്രിയുടെ ഗണ്മാൻ, പേഴ്സണൽ സ്റ്റാഫ് എന്നിവർക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്. പ്രതിഷേധക്കേസിലെ പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും ആർകെ നവീൻ കുമാറുമാണ് ഹർജി സമർപ്പിച്ചത്.

പ്രതിഷേധ സമയത്ത് ഇപി ജയരാജൻ കയ്യേറ്റം ചെയ്തു എന്ന് ഹർജിയിൽ ഇവർ സൂചിപ്പിച്ചു. ഇപി ജയരാജൻ മുഖ്യമന്ത്രിയുടെ ഗണ്മാൻ അനിൽ കുമാർ, പേഴ്സണൽ സ്റ്റാഫ് സുനീഷ് എന്നിവർക്കെതിരെയായിരുന്നു ഹർജി. ഇപി ജയരാജൻ കഴുത്തിൽ കുത്തിപ്പിടിച്ചെന്നും കഴുത്തിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചു എന്നും തള്ളിയിട്ടു എന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. സിഎമിനെതിരെ പറഞ്ഞാൽ ജീവനോടെയിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തി. പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചതിനായിരുന്നു ആക്രമണം എന്നും ഹർജിയിൽ പറയുന്നു.

വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത് കോൺ‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥൻ അറസ്റ്റിലായിരുന്നു. കെഎസ് ശബരിനാഥൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ചോദ്യം ചെയ്യലിന്‍റെ പശ്ചാത്തലത്തിലാണ് ശബരിനാഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു. ഇത് മറികടന്നായിരുന്നു അറസ്റ്റ്. എന്നാൽ, ശബരിനാഥന് ഇന്നലെത്തന്നെ ജാമ്യം ലഭിച്ചു.

തിരുവനന്തപുരം പ്രിൻ‍സിപ്പൽ‍ സെഷൻസ് കോടതിയാണ് ശബരിനാഥന് ജാമ്യം നൽ‍കിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി നിരുപാധികം തള്ളി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ‍ ഹാജരാകണം. മൊബൈൽ‍ ഫോൺ‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ‍ ഹാജരാക്കണം. റിക്കവർ‍ ചെയ്യാൻ‍ ആവശ്യപ്പെട്ടാൽ‍ നൽ‍കണമെന്നും ഉപാധിയിൽ‍ കോടതിയിൽ‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ന് മുതൽ‍ 3 ദിവസം അന്വേഷണ സംഘത്തിന്റെ മുന്‍പിൽ‍ ഹാജരാകണം. 50000 രൂപയുടെ ബോണ്ടും നൽ‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed