പുരാവസ്തു തട്ടിപ്പു കേസ്; മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പുരാവസ്തു തട്ടിപ്പു കേസ്സിലെ പ്രതി മോൻസണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിതള്ളി. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കം മൂന്നു ബലാൽസംഗക്കേസുകളിലെ ജാമ്യാപേക്ഷകളാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്. കേസിൽ ഉടൻ വിചാരണ തുടങ്ങുമെന്നതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഈ വാദം കോടതി അംഗീകരിച്ചു. പ്രതി രക്ഷകനായി ചമഞ്ഞ് ലൈംഗീക ചൂഷണം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിൽ ഇനി വിസ്തരിക്കാനുള്ള സാക്ഷികൾ പ്രതിയുമായി അടുത്ത ബന്ധമുള്ളവരാണ്.
ജാമ്യം നൽകിയാൽ മോൺസൺ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് മോൻസൺ മാവുങ്കലിനെതിരെ കേസ് എടുത്തത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടിൽ വച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൺ മാവുങ്കൽ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.