പ്രതിപക്ഷ ആക്രമണങ്ങളെ ചെറുക്കാൻ എൽഡിഎഫിന്റെ ബഹുജന സംഗമങ്ങൾക്ക് ഇന്ന് തുടക്കം; വിശദീകരണ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളെയും പ്രതിപക്ഷ ആക്രമണങ്ങളെയും ചെറുക്കാൻ എൽഡിഎഫ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബഹുജന സംഗമങ്ങൾക്ക് ഇന്ന് തുടക്കമാകും. മഹാറാലികൾക്കും രാഷ്ട്രീയ വിശദീകരണ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വെെകിട്ട് പുത്തിരിക്കണ്ടം മൈതാനത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷനാകുന്ന പൊതുസമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
പൊതു സമ്മേളനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതിനായിരത്തിലധികമാളുകൾ പങ്കെടുക്കും. സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്നണിയുടെ നിലപാടുകൾ വിശദീകരിക്കും. നഗരത്തിൽ കേന്ദ്രീകരിച്ച പ്രകടനമുണ്ടാകില്ല.
എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, അടക്കമുള്ള എൽഡിഎഫ് നേതാക്കൾ പൊതു സമ്മേളനത്തിൽ പ്രസംഗിക്കും. 22ന് കൊല്ലം, എറണാകുളം, 23ന് കോഴിക്കോട്, കാസർകോഡ്, 28ന് കോട്ടയം, കണ്ണൂർ 29ന് വയനാട്, പത്തനംതിട്ട, 30ന് ആലപ്പുഴ, ഇടുക്കി, ജൂലൈ രണ്ടിന് പാലക്കാട്, മൂന്നിന് മലപ്പുറം, തൃശൂർ ജില്ലകളിലും ബഹുജന സംഗമങ്ങൾ നടക്കും.
മുഖ്യമന്ത്രിക്കെതിരായാണ് ആരോപണമെന്നതിനാൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. സ്വപ്ന സുരഷിൻറെ വെളിപ്പെടുത്തലുകൾക്ക് വലിയ വിശ്വാസ്യത ഒന്നും കിട്ടിയിട്ടില്ലെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. മുഖ്യഘടകക്ഷികൾക്ക് പുറമേ മുന്നണിയുമായി സഹകരിക്കുന്ന ചെറുപാർട്ടികളും രാഷ്ട്രീയ വിശദീകരണ യോഗങ്ങളുടെ ഭാഗമാവും.