കോഴിക്കോട് വീണ്ടും ബോംബേറ്; അക്രമണം സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെ


കോഴിക്കോട്: കോഴിക്കോട് നൊച്ചാട് വീണ്ടും ബോംബേറ്. സിപിഐഎം ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് പെട്രോള്‍ ബോംബേറുണ്ടായത്. രണ്ട് പെട്രോള്‍ ബോംബുകള്‍ ആണ് എറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് നസീറിന്റെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. ബോംബേറില്‍ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു. ജൂണ്‍ 19 ന് അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചിരുന്നു.

വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. കണ്ണൂര്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ചക്കരക്കല്ലിലെ എന്‍.രാമകൃഷ്ണന്‍ സ്മാരക മന്ദിരമാണ് തകര്‍ത്തത്. ഓഫിസ് ജനല്‍ ചില്ലുകളും, ഫര്‍ണ്ണിച്ചറുകളും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പയ്യന്നൂര്‍ കാറമേല്‍ പ്രിയദര്‍ശിനി യൂത്ത് സെന്ററും അടിച്ചു തകര്‍ത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed