കേന്ദ്രസർക്കാരിന്റെ എട്ടാം വാർഷികം; കോടികളുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ മോദി കേരളത്തിലേക്ക്

കേന്ദ്രസർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 21ന് തലസ്ഥാനത്ത് എത്തും. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 50,000 കോടിയുടെ പദ്ധതികളും കൊല്ലം റെയിൽവേ സ്റ്റേഷനിലും എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിലും കൊച്ചിൻ ഷിപ്പ് യാർഡിനോട് ചേർന്നുള്ള ചരിത്ര പ്രധാനമായ ∍ഹാർബർ ടെർമിനസ് ∍സ്റ്റേഷനിലും നടപ്പാക്കുന്ന 1500 കോടിയുടെ വികസന പ്രവർത്തനങ്ങളും മോദി ഉദ്ഘാടനം ചെയ്യും. കൊല്ലം, കൊച്ചി സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ 400 കോടി വീതം ചെലവുള്ള പദ്ധതികളും ഹാർബർ ടെർമിനസിൽ 300 കോടിയുടെ പദ്ധതിയുമാണ് നടപ്പാക്കുക. ചിങ്ങവനം −കോട്ടയം റെയിൽപ്പാത ഇരട്ടിപ്പിച്ചതിന്റെ ഉദ്ഘാടനവും നടത്തും.
പ്രധാനമന്ത്രിയുടെ പ്രധാന ചടങ്ങ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനാണ് സാദ്ധ്യത. ജിമ്മിജോർജ് സ്റ്റേഡിയവും പരിഗണിച്ചേക്കും. കൊല്ലത്തെയും കൊച്ചിയിലെയും റെയിൽവേ സ്റ്റേഷനുകളിൽ അതത് ലോക്‌സഭാ എം.പിമാരുടെ അദ്ധ്യക്ഷതയിൽ ഇതേ സമയത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം വീഡിയോ വഴി പ്രദർശിപ്പിക്കും.
ദേശീയപാതയിൽ പുതിയ പദ്ധതികൾ നടപ്പാക്കുന്ന സ്ഥലങ്ങളിൽ അതത് എം.പിമാരുടെ അദ്ധ്യക്ഷതയിലും ചടങ്ങുകൾ സംഘടിപ്പിക്കും. ഇവിടെയും പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം ദൃശ്യമാക്കും. ചടങ്ങുകളുടെ അന്തിമ രൂപമായിട്ടില്ല.
സ്വാമി വിവേകാനന്ദൻ ട്രെയിനിൽ കൊച്ചിയിൽ വന്നിറങ്ങിയത് ഹാർബർ ടെർമിനൽ സ്റ്റേഷനിലായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള പല ട്രെയിനുകളും മുമ്പ് പുറപ്പെട്ടിരുന്നത് ഇവിടെ നിന്നായിരുന്നു. തൂണിൽ ബാർജ് ഇടിച്ച് വെണ്ടുരുത്തി പാലത്തിന് ബലക്ഷയം ഉണ്ടായതോടെ ഇവിടേക്കുള്ള ട്രെയിൻ സർവീസ് നിർത്തിവച്ചു. പാലം പുതുക്കി പണിതെങ്കിലും ഫുഡ് കോർപ്പറേഷൻ ഗോഡൗണിലേക്കുള്ള ചരക്ക് തീവണ്ടികൾ മാത്രമാണ് ഇപ്പോൾ സ്റ്റേഷനിലെത്തുന്നത്. ചരിത്ര സ്‌മാരകമായ ഈ േസ്റ്റഷൻ വികസിപ്പിക്കാനാണ് പദ്ധതി.