അതിജീവിത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോയെന്ന് നടൻ സിദ്ധിഖ്

അതിജീവിത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോയെന്ന ചോദ്യവുമായി നടൻ സിദ്ധിഖ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വേളയിൽ നടിയെ ആക്രമിച്ച കേസ് ചർച്ചയായതിനെ കുറിച്ചുള്ള ചോദ്യത്തോടാണ് നടൻ ഇങ്ങനെ പ്രതികരിച്ചത്. താനാണെങ്കിൽ വിശ്വാസമില്ലെങ്കിൽ പോലും ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെടില്ല. വിധി എതിരായാൽ മേൽകോടതിയെ സമീപിക്കുകയാണ് ചെയ്യുകയെന്നും സിദ്ധിഖ് പറഞ്ഞു. 100 ശതമാനം വോട്ടിംഗ് ഉണ്ടാകണം എന്നാണ് ആഗ്രഹം. ജനാധിപത്യ വിശ്വാസികളെല്ലാം വോട്ടു ചെയ്യണം. സഥാനാർഥികൾ ഊന്നൽ കൊടുത്തു സംസാരിച്ചത് തൃക്കാക്കരയിലെ വികസനത്തേക്കുറിച്ചാണ്. എന്‍റെ അദ്ഭുതമെന്തെന്നാൽ തൃക്കാക്കര ഇനി എവിടെ വികസിപ്പിക്കാനാണ്?. വികസിച്ച്, വികസിച്ച് നമുക്കെല്ലാം ശ്വാസം മുട്ടുകയാണ്.
എല്ലാ റോഡുകളും വൺവേ ആക്കുകയാണെങ്കിൽ ഗതാഗതക്കുരുക്ക് കുറച്ചു കുറഞ്ഞുകിട്ടും. വിദേശ രാജ്യങ്ങളിൽ അങ്ങനെയാണ്. സമാധാനത്തോടെ ശ്വാസം വിട്ടു ജീവിക്കുന്നതിന് ഒരു മാറ്റമാണു വേണ്ടത്. സിൽവർ ലൈനിന്‍റെ അത്യാവശ്യം എന്താണെന്ന് എനിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു. പാലച്ചുവട് വ്യാസ വിദ്യാലയത്തിലെത്തിയാണ് സിദ്ധിഖ് വോട്ട് രേഖപ്പെടുത്തിയത്.