വിജയ്ബാബുവിനെതിരായ അറസ്റ്റ് വാറണ്ട് യുഎഇ പോലീസിന് കൈമാറി


നടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുഎഇയിലേക്ക് കടന്ന വിജയ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാൻ പോലീസ്. ഇന്‍റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്‍റെ ഭാഗമായി കൊച്ചിയിലെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ അറസ്റ്റ് വാറണ്ട് കൊച്ചി സിറ്റി പോലീസ് യുഎഇ പോലീസിന് കൈമാറി. വിജയ് ബാബു നിലവിൽ യുഎഇയിൽ എവിടെയുണ്ടെന്ന് കൊച്ചി പോലീസിന് അറിയില്ല.  അറസ്റ്റ് വാറണ്ടിന്‍റെ പശ്ചാത്തലത്തിൽ എവിടെയുണ്ടെന്ന് അന്വേഷിച്ച് കണ്ടെത്താനാണ് യുഎഇ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ആവശ്യമെങ്കിൽ യുഎഇ പോലീസിന് വിജയ് ബാബുവിനെ തടഞ്ഞുവയ്ക്കുന്നതിനും തടസമില്ല. അവിടെനിന്നുള്ള മറുപടി കിട്ടിയ ശേഷമാകും ഇന്‍റർപോൾ വഴി നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങുന്നത്.

താൻ ബിസിനസ് ടൂറിലാണെന്നും 19നു മാത്രമേ കൊച്ചിയിൽ എത്തിച്ചേരാൻ കഴിയൂ എന്നുമായിരുന്നു വിജയ് ബാബു പോലീസിന് മറുപടി നൽകിയിരുന്നത്. ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാൽ ഇനിയും കാത്തിരിക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ്. ഇതിന്‍റെ ഭാഗമായാണ് ഇന്‍റർപോൾ വഴി നടപടി ശക്തമാക്കിയത്.

You might also like

  • Straight Forward

Most Viewed