'പൗരാവകാശ ലംഘനങ്ങൾക്കെതിരെ നാവനക്കുന്നില്ല'; മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകൾക്ക് രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നൽകുന്നത്. അതിന് മുകളിൽ നഷ്ടപരിഹാരം നൽകാനും സർക്കാർ തയ്യാറാണ്. ഒരു കൂട്ടർക്ക് എതിർപ്പുള്ളത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് പ്രസംഗത്തിൽ മുഖ്യമന്ത്രി ഉന്നയിച്ചത്. മാധ്യമങ്ങളുടെ ശ്രദ്ധ ഭരണാധികാരികളുടെ വാഴ്ത്ത് പാട്ടിലാണ്. പൗരവാകാശങ്ങൾക്കെതിരെ നിൽക്കുന്നവർക്കെതിരെ നാവനക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. നാടിന്റെ വികസനത്തിന്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ല. നിക്ഷിപ്ത താൽപര്യക്കാരെ തുറന്ന് കാട്ടാൻ കഴിയുന്നില്ല. മുമ്പ് വികസനത്തിന് അനുകൂലമായിരുന്നു വാർത്തകൾ. ഇന്ന് അതല്ല സ്ഥിതി. ഇന്ന് വികസനം മൂലമുള്ള ബുദ്ധിമുട്ട് നേരിടുന്നവർക്ക് എല്ലാ പുനരധിവാസ പദ്ധതികളും ഉറപ്പാക്കിയിട്ടുണ്ട്. അതിനാണ് മുൻഗണന നൽകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ ഭാവിക്കായി മാധ്യമങ്ങൾ പ്രവർത്തിക്കണം. സ്ഥാപിത താൽപര്യങ്ങൾക്കനുസരിച്ചുള്ള കുത്തിത്തിരുപ്പുകൾക്ക് ഇടം കൊടുക്കരുത്. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോൺ ആയി മാറരുത്. സെക്രട്ടറിയേറ്റിൽ അഗ്നി ബാധ ഉണ്ടായതിനെ ഫയലുകൾ നശിപ്പിക്കാനെന്ന് വ്യാഖ്യാനിച്ച് വാർത്ത നൽകി. ഒരു ഫയലും കത്തിയിട്ടില്ല എന്നറിഞ്ഞിട്ടും വാർത്ത തിരുത്തിയില്ല. മുത്തങ്ങയിൽ പാവപ്പെട്ട ആദിവാസികൾക്ക് നേരെ നടന്ന വെടിവെപ്പ് അടിച്ചമർത്തലായി കാണാത്ത പത്രങ്ങളുണ്ട്. എന്നാൽ സമരങ്ങളിൽ കുഞ്ഞിനെയും കൊണ്ട് വരുന്നവരെ മാധ്യമങ്ങൾ മഹത്വവൽക്കരിക്കുന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.