പോപ്പുലർ ഫ്രണ്ടിന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയത് ഗുരുതര വീഴ്ചയെന്ന് ബി സന്ധ്യ

പോപ്പുലർ ഫ്രണ്ടിന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയത് ഗുരുതര വീഴ്ചയെന്ന് ഫയർഫോഴ്‌സ് മേധാവി ബി. സന്ധ്യ. അന്വേഷണ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ബി. സന്ധ്യ ആഭ്യന്തര മേധാവിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ആലുവയിൽ പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ, റെസ്ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് പരിശീലനം അരങ്ങേറിയത്. അപകടത്തിൽനിന്ന് ഒരാളെ രക്ഷിക്കാനുള്ള വിവിധ രീതികൾ, അതിനായി ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധം എന്നിവങ്ങനെയുള്ള വിവിധ കാര്യങ്ങൾക്കാണ് പ്രവർത്തകർക്ക് സേനാംഗങ്ങൾ പരിശീലനം നൽകിയത്. ഉദ്ഘാടന വേദിയിൽ വച്ചു തന്നെയായിരുന്നു പരിശീലനം. സംഭവത്തിന്‍റെ വാർത്തയും ചിത്രങ്ങളും പോപ്പുലർ ഫ്രണ്ട് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. അതോടെ സംഭവം വിവാദമായി. നിരവധി സംഭവങ്ങളിൽ പ്രതിക്കൂട്ടിലും സംശയത്തിന്‍റെ നിഴലിലും നിൽക്കുന്ന ഒരു പ്രസ്ഥാനത്തിനു പരിശീലനം നൽകിയതിനെതിരേ പല സംഘടനകളും രംഗത്തുവന്നു. പോപ്പുലർ ഫ്രണ്ടിനു പരിശീലനം നൽകിയതു ചട്ടലംഘനമെന്ന് ആരോപിച്ചു ബിജെപി ഉൾപ്പടെ രംഗത്തുവന്നു. അതേസമയം, സംഭവത്തിൽ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. സന്നദ്ധ സംഘടനകൾ, റസിഡന്‍റ് അസോസിയേഷനുകൾ വിവിധ എന്‍ജിഒകൾ എന്നിവയ്ക്കു സാധാരണ പരിശീലനം നൽകാറുണ്ട്.
പോപ്പുലർ ഫ്രണ്ട് ഇതുപോലെ അധികാരികൾക്കു കത്തു നൽകുകയും അതു പ്രകാരം അവർക്കു പരിശീലനം നൽകുകയുമായിരുന്നെന്നു ഉദ്യോഗസ്ഥർ പറയുന്നു. രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ വേദിയിൽ വച്ചു പ്രവർത്തകർക്കു പരിശീലനം നൽകരുതെന്ന് ചട്ടമില്ലെന്നുമാണ് ഇവരുടെ വാദം. ഇതിനിടെ, സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തുവന്നു. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിനെന്ന പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കു പരിശീലനം നൽകിയ അഗ്നിശമന സേനയുടെ പ്രവൃത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നു സുരേന്ദ്രൻ ആരോപിച്ചു. പാക്കിസ്ഥാനെ പോലെ ഭീകരവാദ സംഘടനകൾക്കു സർക്കാർ തന്നെ പരിശീലനം നൽകുന്ന സ്ഥലമായി കേരളം മാറി. പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാനതല പരിപാടിയിലാണ് അഗ്നിശമന സേനയിലെ അംഗങ്ങൾ എത്തിയും പരിശീലനം നൽകിയതുമെന്നത് ഉന്നത ഭരണ നേതൃത്വത്തിന്‍റെ അറിവോടെയാണെന്നതിന് ഉദാഹരണമാണ്. ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്ക്കു പരിശീലനം നൽകിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പുറത്താക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.