മാണി സി. കാപ്പനെ എൽ.ഡി.എഫിലേക്ക് സ്വീകരിക്കില്ലെന്ന് എ.കെ ശശീന്ദ്രൻ
യു.ഡി.എഫ് നേതൃത്വത്തെ വിമർശിച്ച് മാണി സി. കാപ്പൻ പരസ്യമായി രംഗത്തുവന്നതോടെ പ്രതികരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ. കാപ്പനെ എൽ.ഡി.എഫിലേക്ക് സ്വീകരിക്കില്ലെന്ന് മന്ത്രി നിലപാട് വ്യക്തമാക്കി. കാപ്പനുമായി യാതൊരുവിധ ചർച്ചയും നടന്നിട്ടില്ല. രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല കാപ്പന്റെ പ്രസ്താവന. ഇപ്പോൾ പറഞ്ഞത് യു.ഡി.എഫിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ. യുഡിഎഫിന്റെ പൊതുസ്വഭാവം വെളിപ്പെടുത്തുകയാണ് കാപ്പൻ ചെയ്തതെന്നും ശശീന്ദ്രൻ പറഞ്ഞു. യു.ഡി.എഫിലെ എം.എൽ.എയെ അടർത്തി എടുക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. എൽ.ഡി.എഫിന് ശക്തിക്കുറവ് ഒന്നും ഇല്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി. മാണി സി. കാപ്പൻ എം.എൽ.എ. ഇന്ന് രാവിലെയാണ് യു.ഡി.എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി എത്തിയത്. ആർക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണ് യു.ഡി.എഫിലുള്ളതെന്ന് മാണി സി കാപ്പൻ പറഞ്ഞു.
മുന്നണിയിൽ അസ്വസ്ഥതകളുണ്ട്. യുഡിഎഫ് പരിപാടികളൊന്നും എന്നെ അറിയിക്കുന്നില്ല. യു.ഡി.എഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. ആർക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണ് യു.ഡി.എഫിൽ. എന്നാൽ ഇടതുമുന്നണിയിൽ ഇത്തരം പ്രതിസന്ധിയില്ല. രമേശ് ചെന്നിത്തല സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് ഉന്നയിക്കേണ്ടത് താനാണെന്ന് വി.ഡി സതീശൻ പറയുന്നു. ഇത് സംഘാടനം ഇല്ലാത്തതിന്റെ പ്രശ്‌നമാണ്. −മാണി സി കാപ്പൻ പറഞ്ഞു. സാഹചര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും മുന്നണി മാറ്റം ആലോചിക്കുന്നില്ലെന്നും കാപ്പൻ പറഞ്ഞു.
