ഭർത്താവിന്‍റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു

വയനാട് അന്പലവയലിൽ ഭർത്താവിന്‍റെ ആസിഡ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി നിജിത (32) ആണ് മരിച്ചത്. ജനുവരി 15ന് നടന്ന ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ നിജിത കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സാരമായി പരിക്കേറ്റ മകൾ അളകനന്ദയും (11) ആശുപത്രിയിൽ ചികിത്സയിലാണ്.
ജനുവരി 15നാണ് ഭാര്യക്കും മകൾക്കും നേരെ ഭർത്താവും കണ്ണൂർ കൊട്ടിയൂർ അന്പലക്കുന്ന് സ്വദേശിയുമായ പി.വി സനൽ കുമാർ ആസിഡ് ആക്രമണം നടത്തിയത്. ഉച്ചക്ക് ഒരു മണിയോടെ അന്പലവയൽ ഫാന്‍റം റോക്കിന് സമീപമായിരുന്നു സംഭവം. ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന സനൽ ആക്രമണത്തിന് ശേഷം സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.
ഭർത്താവിന്‍റെ പീഡനംമൂലം കണ്ണൂർ കൊട്ടിയൂരിൽ നിന്ന് ഒരു മാസം മുന്പാണ് നിജിതയും മകളും അന്പലവയലിൽ എത്തിയത്. വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തി വരുകയായിരുന്നു. നാളുകളായി നിലനിന്നിരുന്ന കുടുംബ തർക്കങ്ങളാണ് ആക്രമണത്തിൽ കാരണമെന്ന് പൊലീസ് പറയുന്നു. ആസിഡ് ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട സനലിന്‍റെ രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം കണ്ണൂർ കൊടുവള്ളി റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് കണ്ടെത്തി. എറണാകുളത്ത് സ്വകാര്യ കന്പനിയിലെ ജീവനക്കാരനായിരുന്നു സനൽ.