നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന


നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ വീട്ടിൽ പരിശോധന. ദിലീപിന്‍റെ ആലുവയിലെ വീട്ടിലാണ് ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്. കേസിലെ തെളിവുകൾ തേടിയാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം. അന്വേഷണ സംഘം വീട്ടിലെത്തുന്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിന്നീട് ദിലീപിന്റെ സഹോദരി വന്ന് വീട് തുറന്നു നൽകുകയായിരുന്നു.  നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 

കേസിലെ അന്വേഷണസംഘം നൽകിയ അപേക്ഷ പരിഗണിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തൽ ആറര മണിക്കൂർ നീണ്ടു. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താൻ വൈകിയതിന്‍റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം ബാലചന്ദ്രകുമാർ പറഞ്ഞു. ഇതിനു പിന്നാലെയാണ് ദിലീപിന്‍റെ വീട്ടിൽ പരിശോധനയുമായി ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്.

You might also like

Most Viewed