സിപിഎം മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി

സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പാർട്ടി അംഗങ്ങൾക്ക് അശ്രദ്ധ മൂലം സംഭവിച്ചതാകാം ഇതെന്നുമാണ് ശിവൻകുട്ടിയുടെ വിശദീകരണം. ജനുവരി 14 മുതൽ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ചെറുവാരക്കോണം സിഎസ്ഐ സ്കൂൾ ഗ്രൗണ്ടിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. 502 സ്ത്രീകൾ അണിനിരന്ന മെഗാ തിരുവാതിരയാണ് ചൊവ്വാഴ്ച സംഘടിപ്പിച്ചത്. മെഗാ തിരുവാതിരയിൽ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് നടപടി.
ജില്ല പഞ്ചായത്തംഗം സലൂജയടക്കം 550 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍, എംഎൽഎ സി.കെ ഹരീന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയുള്ള തിരുവാതിര കളി. കോവിഡ്, ഒമിക്രോൺ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനിടെയാണ് അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തിയുള്ള തിരുവാതിര പരിപാടി സംഘടിപ്പിച്ചത്.