പുതുവർഷാഘോഷം: ലഹരി പാർട്ടി നടത്തിയ യുവതി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി
പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി ഫ്‌ളാറ്റിൽ ലഹരിപാർട്ടി നടത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ അഞ്ചുപേരെ തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തു. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഫ്‌ളാറ്റിന്‍റെ എട്ടാം നിലയിൽനിന്നു താഴേക്കു വീണ യുവാവിനു ഗുരുതരമായി പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ടു കോഴിക്കോട് സ്വദേശി ഷിനോ, കൊല്ലം സ്വദേശികളായ റിജോ, നജീബ്, അനീഷ്, ഇടുക്കി സ്വദേശിനി മറിയം ബിജു, കായംകുളം സ്വദേശി അതുൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് ഒരു ഗ്രാം എംഡിഎംഎയും ആറ് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. തൃക്കാക്കര നവോദയ ജംഗ്ഷനിലുള്ള ഫ്‌ളാറ്റിൽ ലഹരി പാർട്ടി നടക്കുന്നെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. പോലീസിനെ കണ്ട് അതുൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് താഴേയ്ക്കു വീണത്. 15 നിലയുള്ള ഫ്‌ളാറ്റിലെ താഴെയുള്ള അപ്പാർട്ട്‌മെന്‍റിലേക്ക് ഇറങ്ങുന്നതിനിടെ കൈവിട്ടു വീഴുകയായിരുന്നു. ഫ്‌ളാറ്റിലെ കാർ ഷെഡിന്‍റെ മുകളിലേക്കാണ് ഇയാൾ വീണത്. തുടർന്നു ഷെഡിന്‍റെ അലൂമിനിയം ഷീറ്റ് തുളച്ചു താഴെ വീണു. ഗുരുതരമായി പരിക്കേറ്റ ഇയാൾ സണ്‍റൈസ് ആശുപത്രിയിൽ ചികിത്സയിലാണ്.